armed-robbers-strike-pattam

TOPICS COVERED

ആയുധങ്ങളേന്തിയ മോഷ്ടാക്കള്‍ സ്വതന്ത്രമായി രാത്രിയില്‍ കവര്‍ച്ചയ്ക്കിറങ്ങുന്നതിന്റെ ഭീതിയിലാണ് പട്ടാമ്പി കിഴായൂർ ഗ്രാമം. പൊലീസ് ജീപ്പിന് മുന്നിലൂടെ കവര്‍ച്ചാസംഘം ഓടുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മൂന്നിടങ്ങളില്‍ കവര്‍ച്ചയുണ്ടായത്. പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

 

കിഴായൂരിലെ വി.പി.എം സ്റ്റോറിൽ കവര്‍ച്ച നടത്തിയതിന് ശേഷമാണ് മോഷ്ടാക്കൾ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ജീപ്പിന് മുന്നില്‍പ്പെടുന്നത്. ജീപ്പിന്റെ പ്രകാശം കണ്ടതോടെ മൂന്ന് മോഷ്ടാക്കൾ ഓടുകയും ഒരാൾ വീടിന്റെ മതിൽ ചാടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസുകാർ ഇവരെ കണ്ടിട്ടില്ലെന്നാണ് വിവരം.

കഴിഞ്ഞദിവസം പുലർച്ചെ കിഴായൂരിൽ രണ്ടു വ്യാപാര സ്ഥാപനങ്ങളിലും ക്ഷേത്രത്തിലുമായിരുന്നു കവര്‍ച്ച. പുലര്‍ച്ചെ മോഷ്ടാക്കള്‍ കിഴായൂർ ആന്തൂർപള്ളിയാൽ ഭാഗത്ത് എത്തുന്നതും 3.30 ന് ശേഷം തിരിച്ചു പോകുന്നതും സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. 2.26 നാണ് പൊലീസ് ജീപ്പ് കടന്നുപോകുന്നത്. വിലപിടിപ്പുള്ളതൊന്നും നഷ്ടമായില്ലെങ്കിലും ആയുധങ്ങളുമായുള്ള കവര്‍ച്ചക്കാരുടെ രാത്രിയാത്രയാണ് നാട്ടുകാരെ മുള്‍മുനയിലാക്കുന്നത്. ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് കിഴായൂരില്‍ മാത്രം കവര്‍ച്ചയുണ്ടാവുന്നത്. ആശങ്ക നീക്കണമെന്ന് പൊലീസിനോട് ആവര്‍ത്തിക്കുകയാണ് നാട്ടുകാര്‍.