chain-snatchingseries

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ബൈക്കിലെത്തിയ  മൂന്നംഗ സംഘം മൂന്നിടങ്ങളില്‍ സ്ത്രീകളുടെ മാലപൊട്ടിച്ചു. ഒരു മണിക്കൂറിനിടയില്‍  രണ്ടിടങ്ങളില്‍ നിന്നായി അഞ്ചര പവൻ കവർന്നു.  പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. 

 

ഇന്ന് ഉച്ചയ്ക്കാണു മാല പൊട്ടിക്കൽ പരമ്പര തുടങ്ങിയത്. ആദ്യം ഇരുമ്പില്‍ സ്വദേശിനി പ്രിയയുടെ അഞ്ചര പവനാണ് പൊട്ടിച്ചത്. നെയ്യാറ്റിന്‍കരയില്‍ ബാങ്കില്‍ പോയി   സ്കൂട്ടറില്‍  വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രിയ . പ്രിയയെ നെയ്യാറ്റിന്‍കര മുതല്‍ നിരീക്ഷിച്ച പ്രതികള്‍ പിന്തുടര്‍ന്ന് വീടിന് സമീപം ഇരുമ്പില്‍ കുട്ടത്ത്നടയില്‍ വച്ച് ബൈക്ക് കുറുകെ നിറുത്തി തടഞ്ഞാണ് മാലപൊട്ടിച്ചത്. ബൈക്കിലിരുന്ന് തന്നെ മാലയില്‍ കളളന്‍മാര്‍ കടന്ന് പിടിച്ചെങ്കിലും ഒരു കൈകൊണ്ട് മാല പിടിച്ചതിനാല്‍ മാലയുടെ കുറച്ച് ഭാഗം പൊട്ടി പ്രിയയുടെ കയ്യിലായി. 

തുടര്‍ന്ന് വെളളറട സ്റ്റേഷന്‍ പരിധിയിലെ കുന്നത്തുകാലിലെത്തിയ പ്രതികള്‍ കട്ടച്ചല്‍വിളയില്‍ നടന്ന് പോവുകയായിരുന്ന നാറാണി സ്വദേശിനി 76 കാരി ബേബിയുടെ ഒന്നേകാല്‍ പവന്‍ മാല പൊട്ടിക്കുകയായിരുന്നു. 

മാലയുമായി പാഞ്ഞ പ്രതികള്‍ പൂവാര്‍ സ്റ്റേഷന്‍ പരിധിയിലെ പത്താനാവിളയില്‍ റോഡിലൂടെ നടന്ന് പോവുകയായിരുന്ന സ്ത്രീയേയും ലക്ഷ്യമിട്ടു. പത്താനാവിള സ്വദേശിനി ഷീജയുടെ 3 പവന്‍റെ മാലപൊട്ടിക്കാനാണ്  ശ്രമിച്ചെങ്കിലും ഷീജയുടെ കഴുത്തില്‍ പിടികിട്ടാത്തതിനാല്‍ ശ്രമം പാളി . ഒറ്റ ദിവസം നെയ്യാറ്റിന്‍കര താലൂക്കില്‍ നടന്ന മൂന്ന് മാലപൊട്ടിക്കലുകളോടെ ഭീതിയിലാണ് ജനങ്ങള്‍. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

Neyyattinkara chain snatching series