മലപ്പുറം കൊണ്ടോട്ടിയില്‍ ശസ്ത്രക്രീയക്കിടെ നാലു വയസുകാരന്‍റെ മരണം ചികില്‍സ പിഴവു മൂലമാണന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാര്‍. മൊറയൂര്‍ അരിമ്പ്ര കൊടക്കാടന്‍ നിസാര്‍–സൗദാബി ദമ്പതികള്‍ക്ക് ഏക മകന്‍ മുഹമ്മദ് ഷാസിലാണ് കൊണ്ടോട്ടി മഴ്സി ആശുപത്രിയില്‍ വച്ച് ഈ മാസം ഒന്നിന് മരിച്ചത്.
വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. 7 വര്‍ഷം നീണ്ട കാത്തിരുപ്പിന് ഒടുവില്‍ ജനിച്ച മകന്‍റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിനേയും ആവശ്യമെങ്കില്‍ കോടതിയേയും സമീപിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാരും ബന്ധുക്കളും.
അണ്ണാക്കില്‍ കമ്പു തട്ടിയുണ്ടായ മുറിവുമായാണ് നാലു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ ശസ്ത്രക്രീയക്ക് വിധേയനാക്കി. അണ്ണാക്കില്‍ കമ്പു തട്ടിയുണ്ടായ മുറിവുകൊണ്ടല്ല മരണം സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാണ്. അനസ്തീസിയ നല്‍കിയതിനു പിന്നാലെയാണ് മരണം. ആമാശയത്തില്‍ ദഹിക്കാത്ത ഭക്ഷണമുണ്ടായിരുന്നു. അതായത് മയക്കുന്നതിന് മുന്‍പ് വേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ നിഗമനം. കൊണ്ടോട്ടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുന്നുണ്ട്.