വിവാഹ ബന്ധത്തില്‍ നിന്ന് പിന്മാറിയതിന് പെണ്‍കുട്ടിയുടെ വീടിനുനേരെ വെടിയുതിര്‍ത്ത് യുവാവ്. മലപ്പുറം കോട്ടക്കലിലാണ് സംഭവം. വധുവിന്‍റെ വീട്ടിലെത്തിയ പ്രതി എയര്‍ ഗണ്‍ ഉപയോഗിച്ച് മൂന്ന് തവണ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ അബുതാഹിറിനെതിരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. 

ഒരു വര്‍ഷം മുന്‍പാണ് അബു താഹിറും കോട്ടക്കല്‍ അരിച്ചോള്‍ സ്വദേശിനിയായ യുവതിയും തമ്മിലുള്ള നിക്കാഹ് നടന്നത്. പിന്നീട് പ്രതിയുടെ സ്വഭാവത്തിനുണ്ടായ മാറ്റങ്ങള്‍ മനസിലാക്കി യുവതിയും കുടുംബവും വിവാഹ ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതിലുള്ള വിദ്വേഷമാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഒരുമാസം മുന്‍പ് തന്നെ ആയുധം വാങ്ങി പരിശീലനം നടത്തി ശേഷമാണ് പ്രതി കൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാത്രിയോടെ യുവതിയുടെ വീട്ടിലെത്തിയ പ്രതി വീടിന് മുന്‍വശത്തെത്തിയ ശേഷം ജനല്‍ ചില്ലുകളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. സംഭവത്തില്‍ പ്രതിക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. ആക്രമണത്തിന് ഉപയോഗിച്ച എയര്‍ റൈഫിളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ENGLISH SUMMARY:

Grudge over withdrawal from marriage alliance, man opens fire at girl's house in Malappuram.