kala-murder-case

ആലപ്പുഴ മാന്നാറിൽ യുവതിയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ വഴിത്തിരിവായത് ഊമക്കത്ത്. ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം അമ്പലപ്പുഴ സി.ഐ പ്രതീഷ്കുമാർ രഹസ്യാന്വേഷണം നടത്തിയതോടെ നാടിനെ ഞെട്ടിച്ച കൊലയുടെ ചുരുളഴിഞ്ഞു. അമ്പലപ്പുഴയ്ക്കടുത്ത് കാക്കാഴത്തെ ഒരു നാടൻ ബോംബേറ് കേസിലെ  പ്രതിയോട് ചോദിച്ചാൽ കലയെ കൊലപ്പെടുത്തിയതിന്‍റെ വിവരങ്ങൾ കിട്ടുമെന്നായിരുന്നു ഊമക്കത്തിലുണ്ടായിരുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

അമ്പലപ്പുഴ സിഐയ്ക്ക് കിട്ടിയ ഊമക്കത്തിലുണ്ടായിരുന്നത് കൊലപാതകത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങൾ. ആലപ്പുഴ കാക്കാഴത്ത് ഏതാനും മാസം മുൻപുണ്ടായ നാടൻ ബോംബേറ് കേസിൽ കസ്റ്റഡിയിലായ പ്രതിയെ ചോദ്യം ചെയ്താൽ മാന്നാർ സ്വദേശി കലയെ കൊലപ്പെടുത്തിയതിന്‍റെ വിവരങ്ങൾ കിട്ടും എന്നതായിരുന്നു കത്തിലുണ്ടായിരുന്നത്. ഊമക്കത്താണെങ്കിലും അവഗണിക്കാൻ അമ്പലപ്പുഴ സിഐ പ്രതീഷ് കുമാർ തയാറായില്ല. ജില്ലാ പൊലിസ് മേധാവിയെ വിവരമറിയിച്ചപ്പോൾ അന്വേഷണം നടത്താൻ നിർദേശിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി അമ്പലപ്പുഴ സിഐ പ്രതീഷ് കുമാർ ഈ ഊമക്കത്തിലെ വിവരങ്ങൾ സ്ഥിരീകരിക്കാനുള്ള രഹസ്യ അന്വേഷണത്തിലായിരുന്നു. ഇന്നലെ വൈകിട്ട് കൊലപ്പെടുത്തി മാന്നാറിലെ സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടതിന്‍റെ വിവരങ്ങൾ പൊലീസിന് കിട്ടി. മാൻമിസിങ്ങ് കേസും പൊലീസ് റജിസ്റ്റർ ചെയ്തു. 

ഇന്നുരാവിലെ കസ്റ്റഡിയിലുള്ള  അഞ്ചുപേരുമായി അമ്പലപ്പുഴ പൊലീസ് മാന്നാറിലേക്ക് പോകുന്ന വിവരം  മനോരമ ന്യൂസിന് ലഭിച്ചു. തുടർന്ന് കസ്റ്റഡിയിലുള്ള  ജിനു എന്നയാളുമായി അനിലിന്‍റെ വീട്ടിൽ ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മാന്നാർ പൊലീസ് എത്തി. ആദ്യദൃശ്യങ്ങളും മനോരമ ന്യൂസ് പകർത്തി. കലയും അനിലും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. കലയെ അനിലിന് സംശയമായിരുന്നു. കൊലപ്പെടുത്തുന്നതിന് മുൻപ് അനിൽ ഉൾപ്പെട്ട സംഘം കലയുമായി കുട്ടനാട്ടിലെ കള്ളുഷാപ്പിൽ എത്തി ഭക്ഷണം കഴിച്ചിരുന്നു. എവിടെ വച്ചാണ് കൊലപ്പെടുത്തിയത് അടക്കമുള്ള വിവരങ്ങൾ പിന്നീടേ വ്യക്തമാകുകയുള്ളു. കല ഗൾഫിലുള്ള ഒരാൾക്കൊപ്പം പോയി എന്നാണ് ഭർത്താവും ബന്ധുക്കളും എല്ലാവരോടും പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ കലയെ കാണാതായതിൽ പരാതിയും ഉണ്ടായില്ല.  പൊലീസിന്‍റെ ജാഗ്രതയാണ് പ്രതികളെന്ന് സംശയിക്കുന്നവരെ കണ്ടെത്താനും കൊലപാതകത്തിന്‍റെ വിവരം പുറത്തുവരാനും കാരണമായത്.