spider-arrest

വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി എഴുപതിലേറെ മോഷണക്കേസുകളിലെ പ്രതിയായ ആന്ധ്രക്കാരന്‍ സ്പൈഡര്‍ സതീഷ് പിടിയില്‍. മംഗലപുരത്തെ ആഡംബര വില്ലയില്‍ മോഷണം നടത്തിയ കേസിലാണ് സ്പൈഡറിനെ കടപ്പയില്‍ നിന്ന് കേരള പൊലീസ് പിടികൂടിയത്. ലക്ഷ്വറി വില്ലകളുടെ പരസ്യങ്ങളും വീഡിയോകളും മനപാഠമാക്കി മോഷ്ടിക്കുന്നതാണ് സ്പൈഡറിന്‍റെ രീതി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ആന്ധ്രയിലെ മന്ത്രിയുടെ വീട്ടിൽ നിന്നും 7 കിലോ സ്വർണം കവർച്ച ചെയ്ത കേസിലെ പ്രതി, കാഞ്ചീപുരത്ത് ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്നും ഒന്നര കിലോ സ്വർണ്ണം മോഷ്ടിച്ച കുറ്റവാളി സ്പൈഡര്‍ സതീഷ് എന്ന കാരി സട്ടി ബാബു ചില്ലറ മോഷ്ടാവല്ല. ഉയര്‍ന്ന മതിലുകളും കെട്ടിടങ്ങളും ഭേദിക്കാനുളള വൈദഗ്ധ്യമാണ് സ്പൈഡര്‍ എന്ന വട്ടപ്പേരിന് കാരണം. സ്പൈഡര്‍ സതീഷിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത കേരളത്തിലെ ആദ്യമോഷണമാണ് മംഗലപുരത്തേത്. ജൂണ്‍ രണ്ടിനാണ് കൊല്ലം സ്വദേശി ഷിജിയുടെ വീട്ടില്‍ നിന്ന് 38 പവന്‍ കവര്‍ന്നത്.  പ്രത്യേക അന്വേഷണ സംഘം  17 ദിവസം തുടർച്ചയായി നടത്തിയ അന്വേഷണത്തിനൊടുവിൽ ആന്ധ്രപ്രദേശിലെ കടപ്പയിൽ നിന്നാണ് ഇയാൾ വലയിലായത് .മോഷണമുതലും കണ്ടെത്തി. 

ഒറ്റയ്ക്ക് മോഷണം നടത്തി മോഷണമുതല്‍ വിറ്റ് ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതിയുടെ രീതി.ആഡംബര വില്ലകളുടെയും കെട്ടിടങ്ങളുടെയും പരസ്യങ്ങളും ഹെലിക്യാം ഷോട്ടുകളും കണ്ടു വ്യക്തമായി പഠിച്ച ശേഷമാണ് മോഷണത്തിനിറങ്ങുന്നത്. തൊപ്പിയും മാസ്കും ധരിച്ചെത്തുന്നതിനാല്‍ സിസിടിവികളില്‍ നിന്ന് രക്ഷപെടും. പ്രതിക്ക് വിശാഖപട്ടണം, ബാംഗ്ലൂർ, കടപ്പ എന്നിവിടങ്ങളിൽ നാല് ആഡംബര ഫ്ലാറ്റുകൾ ഉണ്ട്. മോഷ്ടിക്കുന്ന സ്വർണം മേടിക്കുന്ന വ്യാപാരിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്താല്‍ അടുത്ത തവണ മോഷണം നടത്തി കിട്ടുന്ന മുതല്‍ ഇതേ വ്യാപാരിക്ക് നല്കി നഷ്ടം നികത്തുന്ന വിചിത്ര സ്വഭാവവും ഇയാള്‍ക്കുണ്ടത്രെ.