kala-son-about-his-mother-missing

ആലപ്പുഴ മാന്നാറിൽ 15 വർഷം മുൻപു കാണാതായ ശ്രീകല കൊല്ലപ്പെട്ടുവെന്ന നിഗമനത്തിനു പിന്നാലെ, സംഭവത്തിൽ ദുരൂഹത തുടരുകയാണ്.  കേസില്‍ കലയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളായ മൂന്ന് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒന്നാം പ്രതിയായ ഭര്‍ത്താവ് അനിലിനെ ഇസ്രയേലില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും. എന്നാല്‍ അനിലിനൊപ്പം കഴിയുന്ന കലയുടെ മകന്‍ ഇപ്പോഴും  വിശ്വസിക്കുന്നത് പിതാവായ അനില്‍ പറഞ്ഞ കഥ തന്നെ. അമ്മ ജീവനോടെ ഉണ്ടെന്നാണ് വിശ്വാസം. അമ്മയെ തിരിച്ചു കൊണ്ടുവരും എന്നാണ് കരുതുന്നത്. ടെൻഷൻ വേണ്ടെന്ന് അച്ഛൻ പറഞ്ഞെന്നും ഇന്നലെ പരിശോധന നടത്തിയിട്ടെന്ത് കിട്ടിയെന്നും മകൻ ചോദിച്ചു. പൊലീസിന്റെ കഥകൾക്ക് വിശ്വാസ്യത ഇല്ലെന്നും അവർ തെറ്റായ വഴിക്കാണ് അന്വേഷണം നടത്തുന്നതെന്നും അച്ഛൻ പറഞ്ഞതായി കലയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു.

അവർ തെറ്റായ വഴിക്കാണ് അന്വേഷണം നടത്തുന്നത്

വ്യത്യസ്ത സമുദായത്തില്‍പെട്ട അനിലും കലയും പ്രണയത്തിന് ശേഷം 2006ലാണ് ഒരുമിച്ച് ജീവിച്ച് തുടങ്ങിയത്. കലയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് അനിലിന്റെ വീട്ടുകാര്‍ പറഞ്ഞ് പരത്തിയതും അനില്‍ അത് വിശ്വസിച്ചതുമാണ് അതിക്രൂരകൊലയിലേക്ക് നയിച്ചത്. കലയെ കൊല്ലാനുറച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്ന് നാട്ടിലെത്തിയ അനില്‍ വിനോദയാത്രക്കെന്ന പേരില്‍ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തിരികെ വരുംവഴി മാന്നാറിനടുത്തെ വലിയപെരുംമ്പുഴ പാലത്തില്‍ വച്ച്  മദ്യം നല്‍കി മയക്കിയ ശേഷം തുണികൊണ്ട് കഴുത്ത ഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് അനിലിന്റെ മാതാപിതാക്കളും കുട്ടിയും താമസിക്കുന്ന വീടിന്റെ പിന്നിലെ സെപ്ടിക് ടാങ്കില്‍ കുഴിച്ചിട്ടു. 

കല മറ്റൊരാളോടൊപ്പം ഇറങ്ങിപ്പോയെന്ന പ്രചരിപ്പിച്ച് കൊലപാതകം മറച്ചുവച്ച അനില്‍ പിന്നീട് മറ്റൊരുവിവാഹം കഴിച്ച് ഇസ്രയേലിലേക്ക് മുങ്ങുകയും ചെയ്തു.  ഭര്‍ത്താവ് അനിലും, അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ജിനു ഗോപി, കെ.ആര്‍.സോമരാജന്‍, കെ.സി.പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് കലയെ കൊന്ന് സെപ്ടിങ്ക് ടാങ്കില്‍ തള്ളിയതെന്ന് പൊലീസ് ഉറപ്പിച്ചു.

 
ENGLISH SUMMARY:

The son of Kala, who went missing in Mannar, said that his mother is not dead