kala-crime

TOPICS COVERED

മാന്നാര്‍ കൊലപാതക കേസില്‍  കലയുടെ ഭര്‍ത്താവ് അനിലിനെ നാട്ടിലെത്തിക്കാന്‍ ശ്രമം. അനില്‍ ഇസ്രയേലില്‍ ഉണ്ടെന്ന് പാര്‍സ്പോര്‍ട്ട് രേഖകള്‍ പരിശോധിച്ച് സ്ഥിരീകരിച്ചു. മൂന്നുമാസമായി ഇസ്രയേലില്‍ ഇയാള്‍ താമസിക്കുന്ന സ്ഥലം തിരിച്ചറിഞ്ഞെന്ന് സൂചന. 

ദുരൂഹതയേറുന്നു

മാന്നാർ സ്വദേശി കലയുടെ കൊലപാതകത്തിൽ ദുരൂഹതകൾ ഏറുന്നു. മുഖ്യപ്രതി അനിൽ കൂട്ടുപ്രതികൾ അറിയാതെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയതായി സംശയം. മൃതദേഹം ആദ്യം ആറ്റിൽ ഉപേക്ഷിക്കാൻ ശ്രമിച്ചിരുന്നതായും പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ അനിലിന്‍റെ മകന്് കൗണ്‍സിലിങ് നല്‍കി. അതേസമയം സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് സംശയിക്കുന്നതായി കലയുടെ സഹോദരൻ മനോരമ ന്യൂസിനോട് പറഞ്ഞു.

 

ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മാന്നാർ പൊലീസ് സ്റ്റേഷനിൽ നടക്കുന്ന ചോദ്യം ചെയ്യലിലാണ് നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. കലയെ കാറിൽ വച്ച് കൊലപ്പെടുത്തിയെന്നും വലിയ പെരുമ്പുഴ പാലത്തിലെത്തിച്ചത് ആറ്റിൽ ഒഴുക്കാനായിരുന്നു എന്നുമാണ് പ്രതികളുടെ മൊഴി. അനുകൂല സാഹചര്യമില്ലാത്തതിനാൽ ആറ്റിൽ ഒഴുക്കാൻ കഴിഞ്ഞില്ല. ഇതോടെ മുഖ്യപ്രതി മറ്റു പ്രതികളുടെ സഹായം തേടി. വീടിന്റെ സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ട മൃതദേഹം കൂട്ടുപ്രതികൾ അറിയാതെ അനിൽ സെപ്റ്റിക് ടാങ്കിൽ നിന്നും മാറ്റിയതായും സംശയമുണ്ട്. മേസ്തിരി പണിയിലെ വൈദഗ്ധ്യം ഇതിന് സഹായകമായി. അതേസമയം കലയെ കാണാതായതിന് പിന്നാലെ കലയുടേതെന്ന് മട്ടിൽ വീട്ടിലേക്ക് ഫോൺവിളി എത്തിയതായി കലയുടെ സഹോദരൻ വെളിപ്പെടുത്തി. കൂടുതൽ പ്രതികളുണ്ടെന്ന് സംശയിക്കുന്നതായും കലയുടെ സഹോദരൻ അനിൽകുമാർ.

ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 21 അംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇസ്രായേലിലുള്ള മുഖ്യപ്രതി അനിലിനെ ഉടൻ നാട്ടിലെത്തിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. ഏറെ സങ്കീർണതകളുള്ള കേസിൽ മുഖ്യപ്രതി അനിലിന്റെ മൊഴിയാകും ഇനി നിർണായകമാകുക. കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം തെളിവെടുപ്പിലേക്ക് നീങ്ങാനാണ് പോലീസിന്റെ തീരുമാനം. 

ENGLISH SUMMARY:

Mannar murder: Cops suspect husband secretly removed body from septic tank