മാന്നാറില്‍ കൊല ചെയ്യപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങളൊന്നും പ്രതികള്‍ സൂചിപ്പിച്ച സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ പല സംശയങ്ങളില്‍ പൊലീസ്. ദൃശ്യം സിനിമയുടെ മോഡല്‍ പദ്ധതി അനില്‍ നടപ്പാക്കിയോ എന്ന സംശയത്തിലാണ് പൊലീസ്. അനിലും സഹോദരീ ഭര്‍ത്താവും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് കലയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്.
മൃതദേഹം മറവു ചെയ്യാന്‍ ഇവരുടെ സഹായം തേടിയ അനില്‍ എപ്പോഴെങ്കിലും പുറത്തുവന്നേക്കാവുന്ന ഒരു വെളിപ്പെടുത്തലിനെ ഭയന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് മാറ്റിയോ എന്നതാണ് സംശയം. മൃതദേഹം കുഴിച്ചിട്ടെന്ന് പ്രതികള്‍ പറഞ്ഞ സെപ്റ്റിക് ടാങ്കില്‍ നിന്ന് ലോക്കറ്റ്, ഹെയര്‍ ക്ലിപ്പ്, വസ്ത്രത്തിന്റെ ഇലാസ്റ്റിക് എന്നിവയാണ് ലഭിച്ചത്. എന്നാല്‍ നിര്‍ണായമാകുന്ന ഒന്നും ഇതുവരേയും ലഭിക്കാത്തതിനെത്തുടര്‍ന്നാണ് പൊലീസിന് സംശയത്തിന്റെ ആഴം കൂടുന്നത്.
ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിച്ചാലേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ. പ്രതികളിലൊരാളുടെ ഭാര്യയോട് പറഞ്ഞ വാക്കുകളും ഊമക്കത്തുമാണ് 15 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ കേസ് പൊങ്ങിവരാന്‍ കാരണമായത്.
ഭാര്യയുമായുള്ള വഴക്കിനിടെ പ്രതികളിലൊരാളായ കെ സി പ്രമോദ് ‘കലയെ കൊന്നതു പോലെ നിന്നെയും കൊല്ലുമെന്ന്’ ഭീഷണിപ്പെടുത്തിയതാണ് കൊലപാതക വിവരം 15 വർഷത്തിനു ശേഷം പുറത്തുവരാൻ ഇടയാക്കിയത്. ഇതിനു പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനു ലഭിച്ച ഊമക്കത്തും നിർണായകമായി.കൂട്ടുപ്രതികൾക്കും സെപ്റ്റിക് ടാങ്കിൽ മൃതദേഹം ഉപേക്ഷിച്ചതു വരെയുള്ള കാര്യങ്ങളേ അറിയൂ. ഒന്നാം പ്രതിയായ അനിൽ മൃതദേഹ അവശിഷ്ടങ്ങൾ ഇവിടെനിന്ന് മറ്റെവിടേക്കോ മാറ്റിയതായി പൊലീസ് സംശയിക്കാൻ കാരണം ഇതാണ്.
കേസിലെ ഒന്നാംപ്രതിയാണ് കലയുടെ ഭര്‍ത്താവ് അനില്‍. മറ്റു 3 പ്രതികളെ ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 8 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അനിലിന്റെ ബന്ധുക്കളും ഇരമത്തൂർ സ്വദേശികളുമായ കണ്ണമ്പള്ളിൽ ആർ.സോമരാജൻ (56), കണ്ണമ്പള്ളിൽ കെ.സി.പ്രമോദ് (40), ജിനു ഭവനത്തിൽ ജിനു ഗോപി (48) എന്നിവരെയാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
2009 ഡിസംബർ ആദ്യ ആഴ്ചയിലാണ് കല കൊല്ലപ്പെട്ടത്. കലയ്ക്കു പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് അനിൽ മറ്റു പ്രതികളെയും കൂട്ടി വലിയ പെരുമ്പുഴ പാലത്തിൽ വച്ച് കലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം പ്രതികൾ കാറിൽ കൊണ്ടുപോയി എവിടെയോ മറവു ചെയ്തു തെളിവു നശിപ്പിച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. കൊലപാതകം നടന്ന ദിവസം അനിലും കലയും മാത്രമാണു കാറിൽ സഞ്ചരിച്ചതെന്നാണു പൊലീസ് പറയുന്നത്. കലയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവുചെയ്യാനായി മറ്റുള്ളവരെ അനിൽ വിളിച്ചുവരുത്തിയതാണോ എന്നു പരിശോധിക്കുന്നു. കാറിൽ കിടക്കുന്ന കലയുടെ മൃതദേഹം ഇരമല്ലൂർ പുതുപ്പള്ളിൽ തെക്കേതിൽ കെ.വി.സുരേഷ് കുമാറിനെ അനിൽ കാണിച്ചെന്ന് എഫ്ഐആറിലുണ്ട്. സുരേഷ് കുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. സംശയമുള്ള മറ്റിടങ്ങളിലും പൊലീസ് കുഴിച്ച് പരിശോധന നടത്തിയേക്കും .പെരുമ്പുഴ പാലത്തിനടുത്ത് മൃതദേഹം എത്തിച്ചത് ആറ്റില്‍ കളയാന്‍ സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ പദ്ധതി ഉപേക്ഷിച്ചെന്നും പൊലീസ് പറയുന്നു.