കോഴിക്കോട് നഗരത്തിൽ യാത്രക്കാരിയെ വഴിയിൽ തള്ളിയിട്ട് ആഭരണം കവർന്ന ഓട്ടോ ഡ്രൈവറെ പിടികൂടാനാകാതെ പൊലീസ്. വയനാട് ഇരുളം സ്വദേശി ജോസഫീനെയാണ് ആഭരണം കവർന്ന ശേഷം വഴിയിൽ തള്ളിയത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോസഫീനയെ ശാസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
ബുധനാഴ്ച പുലർച്ചെയാണ് സംഭവം. കായംകുളത്തുള്ള മകന്റെ വീട്ടിൽ പോയി തിരികെ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ജോസഫീന, കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ പോകാനാണ് ഓട്ടോയിൽ കയറിയത്. എത്ര ഓടിയിട്ടും ബസ് സ്റ്റാൻഡിൽ എത്താഞ്ഞതിൽ സംശയം തോന്നിയ ജോസഫീന ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ പിന്നിലേക്ക് തിരിഞ്ഞ് മാലപൊട്ടിച്ചെടുക്കുകയായിരുന്നു. തുടർന്ന ഓടുന്ന വണ്ടിയിൽ നിന്നും പുറത്തേക്ക് തള്ളിയിട്ടു.
വീഴ്ചയിൽ പരുക്കേറ്റ ജോസഫീന റോഡിൽ മഴ നനഞ്ഞു ഒരു മണിക്കൂറോളം കിടന്നു. വഴി യാത്രക്കാരെരോടു സഹായം അഭ്യർഥിച്ചെങ്കിലും ഒരാൾ പോലും ഒന്ന് തിരിഞ്ഞുപോലും നോക്കിയില്ലന്നും പറയുന്നു. ഒടുവിൽ അര കിലോമീറ്ററോളം നടന്നു ബസ് സ്റ്റാൻഡിലെത്തി ബസിൽ കയറി കൂടരഞ്ഞിയിലെ സഹോദരന്റെ വീട്ടിലെത്തുകയായിരുന്നു. നഗരത്തിലെ സി സി സി ടി വി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നു. തെളിവൊന്നും ലഭിച്ചിട്ടില്ല.