vishnu

നിരവധി കേസുകളിലെ പ്രതി. കുറ്റിക്കാട്ടിലും മാളങ്ങളിലും വരെ ഒളിച്ചിരിക്കും. പിടിക്കപ്പെട്ടാൽ ജയിൽ ചാടും, പൊലീസിന്റെ കയ്യിൽ നിന്നു രക്ഷപ്പെടും. കോടതിയിൽ ഹാജരാക്കാൻ ജയിലിൽ നിന്നു കൊണ്ടുവരുന്നതിനിടെ പൊലീസിനെ വെട്ടിച്ചു കടന്ന ക്രിമിനൽ കേസ് പ്രതി തിരുവല്ല നെടുംപുറം കണ്ണാറച്ചിറയിൽ വിഷ്ണു ഉല്ലാസ് (29) പൊലീസിന് സ്ഥിരം തലവേദന. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കി.

രക്ഷപ്പെടുന്ന സമയത്ത് ഒരു കയ്യിൽ വിലങ്ങുണ്ടായിരുന്നു. ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിലങ്ങ് ഒരു കയ്യിലേക്ക് അഴിച്ചുകെട്ടിയിരുന്നു. ശുചിമുറിയുടെ ജനാല തകർത്താണ് ഇയാൾ കടന്നുകളഞ്ഞത്. നെടുമുടി പൊലീസ് റജിസ്റ്റർ ചെയ്ത പിടിച്ചുപറിക്കേസിൽ രാമങ്കരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുമ്പോഴാണ് ഇയാൾ രക്ഷപ്പെട്ടത്. തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്ന് വ്യാഴാഴ്ച രാത്രി 10ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിഷ്ണുവിന്റെ ഫോട്ടോ സഹിതം വിവരം കൈമാറി.

പ്രതി മുൻപും പൊലീസിന്റെ കയ്യിൽ നിന്നു രക്ഷപ്പെട്ടിട്ടുള്ളതിനാൽ കർശന സുരക്ഷ പാലിക്കണമെന്നു നിർദേശം നൽകിയിരുന്നു. വേണ്ടത്ര മുൻകരുതലില്ലാതെ പൊലീസുകാർ പ്രതിയുടെ വിലങ്ങ് മാറ്റി ശുചിമുറിയിലേക്കു വിട്ടത് വലിയ വീഴ്ചയായാണു കാണുന്നത്. വീഴ്ച സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ‌ എസ്എച്ച്ഒ റിപ്പോർട്ട് നൽകി.

ENGLISH SUMMARY:

Accused in several cases. Man makes police fool.