ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്ന് പൊലിസിനെ വെട്ടിച്ച് കടന്ന പ്രതി പിടിയിൽ. തിരുവല്ല നെടുമ്പ്രം സ്വദേശി വിഷ്ണു ഉല്ലാസ് ആണ് ആലപ്പുഴ പറവൂരിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് പിടിയിലായത്. വ്യാഴാഴ്ച രാത്രി കടന്ന ഇയാൾക്കു വേണ്ടി ജില്ലയ്ക്കുപുറത്തും അന്വേഷണം നടത്തുന്നതിനിടെ ആണ് ഇയാൾ കുടുങ്ങിയത്. നേരത്തെയും രണ്ടു തവണ ഇയാൾ പിടിയിലായ ശേഷം പൊലിസിനെ കബളിപ്പിച്ച് രക്ഷപെട്ടിട്ടുണ്ട്.  

ആലപ്പുഴ നെടുമുടി പൊലീസ് റജിസ്റ്റർ ചെയ്ത കവർച്ച കേസിൽ പ്രതിയായ വിഷ്ണു ഉല്ലാസിനെ വ്യാഴാഴ്ച രാത്രിയിലാണ് ട്രെയിൻ മാർഗം ആലപ്പുഴയിൽ എത്തിച്ചത്. വെള്ളിയാഴ്ച രാമങ്കരി കോടതിയിൽ ഹാജരാക്കാനായി തിരുവനന്തപുരത്ത് നിന്ന് തലേന്നുതന്നെ കൊണ്ടുവരികയായിരുന്നു. ആലപ്പുഴ സബ് ജയിലിൽ രാത്രി പാർപ്പിച്ച ശേഷം പിറ്റേന്ന് കോടതിയിൽ ഹാജരാക്കാനായിരുന്നു പൊലീസ് ഉദ്ദേശിച്ചത്. റെയിൽവെ സ്റ്റേഷനിലെ ശുചിമുറിയിൽ കയറിയ വിഷ്ണു ജനൽ വഴി രക്ഷപ്പെടുകയായിരുന്നു. 

ഒരു കൈയിൽ വിലങ്ങുമായാണ് ഇയാൾ കടന്നത് വിവിധ സംഘങ്ങളായി തിരിഞ്ഞ് ജില്ലയ്ക്കകത്തും പുറത്തും പൊലിസ് അന്വേഷണം നടത്തുന്നതിനിടെയാണ് വിഷ്ണു പിടിയിലാകുന്നത്. പറവൂറിലെ ഒഴിഞ്ഞ കെട്ടിടത്തിന്‍റെ മുകളില്‍ അപരിചിതനെ കണ്ട തൊട്ടടുത്തവീട്ടിലെ വീട്ടമ്മയാണ് പൊലീസിനെ വിവരമരിയിച്ചത്. വിഷ്ണുവിനെ പിടികൂടിക്കഴിഞ്ഞപ്പോള്‍ വിശക്കുന്നു എന്നാണ് ആദ്യം പൊലീസിനോട് പറഞ്ഞത്. നിരവധി കവർച്ച- പിടിച്ചുപറി കേസുകളിൽ പ്രതിയാണ് വിഷ്ണു . മുൻപും രണ്ടു തവണ പിടിയിലായ ശേഷം പൊലീസിനെ കബളിപ്പിച്ച് ഇയാൾ കടന്നിട്ടുണ്ട്. രക്ഷപ്പെട്ടശേഷം ഒറ്റപ്പെട്ട സ്ഥലങ്ങളിലും കുറ്റിക്കാടുകളിലും പാറയിടുക്കിലുമൊക്കെ ഒളിച്ചു കഴിയുകയാണ് പതിവ്.

ENGLISH SUMMARY:

Accused who evaded police from Alappuzha railway station arrested