വീട്ടിൽ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്ന് എട്ട് പവൻ സ്വർണം തട്ടിയെടുത്ത വ്യാജ സിദ്ധൻ പാലക്കാട് ചെർപ്പുളശ്ശേരിയിൽ അറസ്റ്റിൽ. തിരുമിറ്റക്കോട്ട് നെല്ലിക്കാട്ടിരി സ്വദേശി റഫീഖ് മൗലവിയാണ് ചെര്‍പ്പുളശ്ശേരി പൊലീസിന്റെ പിടിയിലായത്. നെല്ലായ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് പൊലീസ് നടപടി.  

സമൂഹമാധ്യമത്തിൽ ചാരിറ്റി സംബന്ധമായി വന്ന പോസ്റ്റിന് താഴെ സഹായം അഭ്യർഥിച്ച് ഫോൺ നമ്പർ സഹിതം കമന്റിട്ട വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. ഈ നമ്പറിൽ ബന്ധപ്പെട്ട റഫീഖ് മൗലവി വിവരങ്ങൾ അന്വേഷിക്കുകയും താൻ സിദ്ധനാണെന്നും പ്രശ്നങ്ങളെല്ലാം പരിഹരിച്ചു തരാമെന്നും പറഞ്ഞ് വീട്ടമ്മയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. അബ്ദുൾ റഷീദ് തങ്ങൾ എന്ന വ്യാജ പേരിലായിരുന്നു തട്ടിപ്പ്. ഫോണിലൂടെ വീട്ടമ്മയുമായി ബന്ധപ്പെട്ട ഇയാൾ, വീട്ടിനകത്ത് നിധിയുണ്ടെന്നും അത് കിട്ടുന്നതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും വിശ്വസിപ്പിച്ചു. 

ചില മന്ത്രങ്ങളും പരിഹാര നടപടികളും ചെയ്താൽ ഇത് പ്രത്യക്ഷപ്പെടുമെന്നായിരുന്നു ഉറപ്പ്. ഇതിനായി സ്വർണാഭരണങ്ങൾ ഏഴ് ദിവസത്തേക്ക് വീട്ടില്‍ നിന്നും മാറ്റണമെന്നും നിര്‍ദേശിച്ചു. റഫീക്ക് മൗലവി പറഞ്ഞതു പ്രകാരം നെല്ലായയിൽ കാത്തുനിന്നയാൾക്കു വീട്ടമ്മ തന്റെ എട്ട് പവൻ ആഭരണങ്ങൾ കൈമാറി. സ്വർണം കൈക്കലാക്കാൻ വന്നതും റഫീഖ് മൗലവി തന്നെയായിരുന്നെന്നാണു കണ്ടെത്തൽ. വീട്ടമ്മ ഇയാളെ നേരത്തെ കണ്ടിട്ടില്ലാത്തതിനാല്‍ തിരിച്ചറിഞ്ഞില്ല. നിധി ലഭിക്കാതെ വന്നതോടെ സ്വർണം തിരികെ ആവശ്യപ്പെട്ടു. കാലതാമസം വന്നതോടെ ഇവർ ചെർപ്പുളശ്ശേരി പൊലീസിൽ പരാതി നൽകി. പൊലീസ് ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തൃശൂരിലെ വാടക വീട്ടിൽ നിന്നാണ് റഫീഖ് മൗലവിയെ കസ്റ്റഡിയിലെടുത്തത്. വീട്ടിൽ നടത്തിയ പരിശോധനയിൽ മുക്കുപണ്ടങ്ങളുടെ വൻ ശേഖരവും, ബില്ലുകളും കണ്ടെത്തി. കൂടുതലാളുകള്‍ ഇയാളുടെ വലയിൽ കുരുങ്ങി തട്ടിപ്പിനിരയായതായി സംയിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

Fake Siddhan arrested in Palakkad Cherpulassery for stealing eight pav of gold from housewife