കോഴിക്കോട് നഗരത്തിൽ യാത്രക്കാരിയെ വഴിയിൽ തള്ളിയിട്ട് ആഭരണം കവർന്ന ഓട്ടോ ഡ്രൈവർ പിടിയിൽ. നല്ലളം സ്വദേശി ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. വയനാട് ഇരുളം സ്വദേശി ജോസഫീനെയാണ് ആഭരണം കവർന്ന ശേഷം വഴിയിൽ തള്ളിയത്.
കോഴിക്കോട്ടെത്തുന്ന ഓരോരുത്തരുടെയും ഹൃദയം കവർന്ന ഓട്ടോറിക്ഷ തൊഴിലാളികളുടെ പേരിന് കളങ്കം ഉണ്ടാക്കിയ സംഭവമാണ് നഗരത്തിൽ ബുധനാഴ്ച പുലർച്ചെ ഉണ്ടായത്. കായംകുളത്തുള്ള മകന്റെ വീട്ടിൽ പോയി തിരികെ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ 69 വയസ്സുകാരിയായ ജോസഫീന, ഉണ്ണികൃഷ്ണന്റെ ഓട്ടോയിൽ കയറുകയായിരുന്നു. കുറെ ദൂരം യാത്ര ചെയ്ത ശേഷം ഉണ്ണികൃഷ്ണൻ പിന്നിലേക്ക് തിരിഞ്ഞ് മാലപൊട്ടിച്ചു. തുടർന്ന ഓടുന്ന വണ്ടിയിൽ നിന്നും പുറത്തേക്ക് തള്ളിയിട്ടു.
സ്ത്രീ സുരക്ഷക്ക് പേര് കേട്ട നഗരത്തിൽ വയോധികയ്ക്ക് നേരെ ഉണ്ടായ അക്രമത്തിൽ ഊർജ്ജതമായ അന്വേഷണമാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയത്. ശാസ്ത്രീയ തെളിവുകളിലൂടെയുമാണ് പ്രതിയിലേക്ക് എത്തിയത്. കേസിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങളും പൊലീസിനെ ലഭിച്ചു.പ്രതിക്കെതിരെ 311 , 140 വകുപ്പ് പ്രകാരമാണ് അറസ്റ്റ്.. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.