കിഴക്കന്‍ ലഡാക്കില്‍ ചൈന അതിര്‍ത്തിയോട് ചേര്‍ന്ന് വന്‍ സ്വര്‍ണവേട്ടയുമായി ഐടിബിപി. 108 കിലോഗ്രാം സ്വര്‍ണ ബിസ്ക്കറ്റുകള്‍ പിടിച്ചെടുത്തു. മൂന്ന് ലഡാക്ക് സ്വദേശികള്‍ അറസ്റ്റിലായി. 

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചൈന അതിര്‍ത്തിയില്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍നിന്ന് കേവലം ഒരുകിലോമീറ്റര്‍ അകലെ ഐടിബിപി ജവാന്‍മാര്‍ തിരച്ചിലിനിറങ്ങിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടുപേരെ കണ്ടെത്തി. ഇവരോട് പരിശോധനയ്ക്ക് വഴങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും രക്ഷപ്പെട്ടോടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ജവാന്‍മാര്‍ ഇവരെ കീഴ്പ്പെടുത്തി നടത്തിയ പരിശോധനയിലാണ് സ്വര്‍ണ ബിസ്ക്കറ്റുകള്‍ കണ്ടെത്തിയത്. ലഡാക്കിലെ ന്യോമ സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. ഇവരെ ചോദ്യംചെയ്തതില്‍നിന്ന് മറ്റൊരാളെയും ഐടിബിപി ജവാന്‍മാര്‍ പിടികൂടി. 

സ്ഥിരം സ്വര്‍ണക്കടത്തുകാരാണ് ഇവരെന്നാണ് വിവരം. ഐടിബിപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിതെന്ന് സേന കേന്ദ്രങ്ങള്‍ അറിയിച്ചു. വാക്കി ടോക്കി, ബൈനോകുലര്‍, മൊബൈല്‍ഫോണുകള്‍, ചൈനീസ് നിര്‍മിത പാക്ട് ഫുഡുകളും പിടിച്ചെടുത്തു. ഡപ്യൂട്ടി കമാന്‍ഡാന്‍റ് ദീപക് ബട്ടിന്‍റെ നേതൃത്വത്തിലുള്ള 21 അംഗ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സംഘമാണ് സ്വര്‍ണം പിടിച്ചെടുത്തത്. പിടിയിലായവരെ സ്വര്‍ണമടക്കം കസ്റ്റംസിന് കൈമാറും.

ENGLISH SUMMARY:

ITBP seizes 108 kg gold biscuits near India- China border