ബി.ജെ.പി മുൻ കൗൺസിലറുടെ വീടും, കാറും ബീയർ കുപ്പി കൊണ്ട് എറിഞ്ഞ് തകർത്ത കേസിൽ യുവമോർച്ച നേതാവ് ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. പാലക്കാട് നഗരസഭ മുൻ കൗൺസിലർ എസ്.പി അച്യുതാനന്ദന്റെ വീടും കാറും തകർത്തതിലാണ് യുവമോർച്ച പാലക്കാട് മണ്ഡലം ജനറൽ സെക്രട്ടറി രാഹുൽ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായത്. നിസാര കുറ്റങ്ങള്‍ ചുമത്തി പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതിലും കേസില്‍ ഉന്നത ഗൂഢാലോചന ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
മുന്‍ കൗണ്‍സിലര്‍ എസ്.പി.അച്യുതാനന്ദന്റെ കുന്നത്തൂര്‍ മേടിലെ വീടിന് നേരെ ഈമാസം പത്തിന് രാത്രിയിലുണ്ടായ ആക്രമണം. കാറിലും ഇരുചക്രവാഹനങ്ങളിലുമായി എത്തിയ അഞ്ചംഗ സംഘം ആറ് ബീയര്‍ കുപ്പികളാണ് വീടിനും കാറിനും നേരെ വലിച്ചെറിഞ്ഞത്. കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. വീടിന്റെ ജനല്‍ച്ചില്ലുകളും നിലംപൊത്തി. ആക്രമണം നടത്താനെത്തുന്നവരുടെ ദൃശ്യങ്ങള്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിരുന്നു. ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നതിന്റെ പേരിലാണ് തനിക്കെതിരെയുള്ള ആക്രമണമെന്ന് അച്യുതാനന്ദൻ പൊലീസിന് മൊഴി നൽകിയിരുന്നു. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസിന്റെ അന്വേഷണത്തിലാണ് ബി.ജെ.പി നേതാവിനെ ആക്രമിക്കാന്‍ യുവമോര്‍ച്ച നേതാവ് തന്നെ രംഗത്തിറങ്ങിയതിന്റെ തെളിവുകള്‍ ലഭിച്ചത്.
യുവമോര്‍ച്ച പാലക്കാട് മണ്ഡലം ജനറല്‍ സെക്രട്ടറി രാഹുല്‍, സുഹൃത്തുക്കളായ അനുജില്‍, അജീഷ് കുമാര്‍, സീന പ്രസാദ്, അജീഷ് എന്നിവരാണ് പിടിയിലായത്. രാഹുലാണ് ആക്രമണത്തിന് പദ്ധതിയിട്ടതും സുഹൃത്തുക്കളെ കൂടെക്കൂട്ടിയതും. ഫേസ് ബുക്കില്‍ വ്യത്യസ്ത സമയങ്ങളില്‍ അച്യുതാനന്ദന്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഇട്ട പോസ്റ്റുകളാണ് ആക്രമണത്തിന് പ്രേരണയായതെന്നാണ് പിടിയിലായവരുടെ മൊഴി. എന്നാല്‍ ഒറ്റദിവസം കൊണ്ടെടുത്ത തീരുമാനമല്ലെന്നും ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നുമെന്നാണ് അച്യുതാനന്ദന്റെ നിലപാട്.
ഉന്നത അന്വേഷണം വേണമെന്ന നിലപാടില്‍ കൂടുതലാളുകള്‍ക്ക് പങ്കുണ്ടെന്ന സംശയമാണ് പരാതിക്കാരന്‍ ഉന്നയിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയയ്ക്കുന്ന മട്ടില്‍ പൊലീസ് കേസ് കൈകാര്യം ചെയ്തത് ലാഘവത്തോടെയാണെന്നും ആക്ഷേപമുണ്ട്. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടില്ലെന്നും കൃത്യമായ െതളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായതെന്നുമാണ് പൊലീസ് വിശദീകരണം.