kseb-lineman

വര്‍ക്കല അയിരൂരില്‍ മദ്യപിച്ചെത്തിയ ലൈന്‍മാനെതിരെ പരാതി നല്‍കിയതിന് കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇബിയുടെ പരസ്യ വെല്ലുവിളി. അയിരൂര്‍ സ്വദേശിയായ രാജീവന്‍റെ വീട്ടിലെ വൈദ്യുതി തകരാര്‍ പരിഹരിക്കാരന്‍ ജീവനക്കാരന്‍ മദ്യപിച്ചെത്തിയത് ഇത് ചോദ്യംചെയ്തപ്പോള്‍ അശ്ലീലവര്‍ഷവും അതിക്രമവും നടത്തിയെന്നാണ് പരാതി. പൊലീസില്‍ പരാതി നല്‍കിയതിന്‍റെ വൈരാഗ്യത്തില്‍ തകരാര്‍ പരിഹരിച്ചില്ല. മദ്യപിച്ചെത്തിയ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.  പരാതി പിന്‍വലിക്കണമെന്ന് അസി. എന്‍ജിനീയര്‍ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം പറയുന്നു. കുട്ടികളടക്കം കുടുംബം രാത്രി ഇരുട്ടില്‍ കഴിയുകയാണ്. പിന്നാലെ ജോലി തടസപ്പെടുത്തിയെന്ന്  വീട്ടുകാര്‍ക്കെതിരെ കെഎസ്ഇബിയും പരാതി നല്‍കി. മനോരമ ന്യൂസ് എക്സ്ക്ലൂസീവ്.

 

കെഎസ്ഇബിയുടെ നടപടി അംഗീകരിക്കാന്‍ കഴിയാത്തതെന്ന് വി.ജോയി എംഎല്‍എ പ്രതികരിച്ചു. കണക്ഷന്‍ പുനഃസ്ഥാപിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അത് നടപ്പാക്കിയില്ലെങ്കില്‍ നടപടികളിലേക്ക് പോകേണ്ടിവരും. ഉടന്‍തന്നെ വിഷയത്തില്‍ വീണ്ടും ഇടപെടുമെന്നും പരിഹാരമുണ്ടാക്കുമെന്നും എംഎല്‍എ പറഞ്ഞു.