TOPICS COVERED

കായംകുളത്ത് പൊലീസിനെ വട്ടം കറക്കി ഓടയിലൊളിച്ച് കള്ളൻ. തമിഴ്നാട്ടുകാരനായ മോഷ്ടാവിനെ നാലുമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ഓടപൊളിച്ച് പുറത്തെത്തിച്ചു. അഗ്നിരക്ഷാസേന സാഹസികമായി പുറത്തെത്തിച്ച മോഷ്ടാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

പൊലിസ് ജീപ്പ് കണ്ട് ഓടിയ കള്ളൻ ഇങ്ങനെയൊരു പൊല്ലാപ്പ് ഒപ്പിക്കുമെന്ന് കായംകുളത്തെ പൊലിസുകാർ കരുതിയില്ല. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കായംകുളം നഗരത്തിലെ കടകളിൽ മോഷണവും മോഷണശ്രമവും നടന്നിരുന്നു. തലയിൽ തുണി മൂടി നടന്നു പോകുന്ന മോഷ്ടാക്കളുടെ സിസി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കായംകുളം റെയിൽവേസ്റ്റേഷനിലേക്ക് തിരിയുന്ന റോഡിന് സമീപം പൊലിസ് പട്രോളിങ്ങ് സംഘത്തെ കണ്ട് ഒരാൾ ഓടയിലൊളിച്ചു. പുലർച്ചെ ഒന്നര മുതൽ പൊലിസ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇയാളെ പുറത്തെത്തിക്കാനായില്ല. 

നാട്ടുകാരും പൊലിസിനൊപ്പമുണ്ടായിരുന്നു. ഒടുവിൽ പൊലിസ് ഫയർഫോഴ്സിനെ വിവരമറിയിച്ചു.  കായംകുളം അഗ്നി രക്ഷ നിലയത്തിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി ഓടയുടെ സ്ലാബ് പൊളിച്ചു മാറ്റാൻ തുടങ്ങി.  ഇതിനിടയിൽ മോഷ്ടാവ് വീണ്ടും ഓടയുടെ ഉള്ളിലേക്ക് കയറി. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ ഓടിക്കുള്ളിൽ കയറി മോഷ്ടാവിനെ പിടികൂടി പുറത്തെത്തിച്ചു. പോലീസിനു കൈമാറി.  തമിഴ്നാട് സ്വദേശിയായ രാജശേഖരൻ ആയിരുന്നു നാലു മണിക്കൂർ പൊലിസിനെ വട്ടം ചുറ്റിച്ച മോഷ്ടാവ്.  കായംകുളം റെയിൽവെസ്റ്റേഷന് സമീപം വീടുകളിൽ ഇയാൾ മോഷണ ശ്രമം നടത്തിയിരുന്നു.