തിരുവനന്തപുരം വഞ്ചിയൂരില്‍ പട്ടാപ്പകല്‍ വീട്ടിലെത്തി വീട്ടമ്മയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ച കേസില്‍ പ്രതി പിടിയിലായതോടെ ചുരുളഴിയുന്നത് സിനിമാ കഥയെ വെല്ലുന്ന കഥ. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ദീപ്തി മോള്‍ ജോസാണ് വഞ്ചിയൂര്‍ സ്വദേശിനി ഷിനിയെ വെടിവച്ച കേസില്‍ അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് കുറിയര്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തിയ ശേഷം കയ്യില്‍ കരുതിയ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്.
വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്തുമായുള്ള വ്യക്തിപരമായ പ്രശ്നമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രതി ദീപ്തിയും ഷിനിയുടെ ഭര്‍ത്താവ് സുജിത്തും കൊല്ലത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. അങ്ങനെ തുടങ്ങിയ അടുപ്പം ഇരുവരും തമ്മിലുള്ള പ്രണയത്തിലേക്ക് വഴിവച്ചു.
സുജിത്തും ദീപ്തിയും വേറെ വിവാഹം കഴിച്ചിട്ടുള്ളവരായതിനാല്‍ ആ ബന്ധം രഹസ്യമായാണ് അവര്‍ തുടര്‍ന്ന് കൊണ്ടുപോയത്. ദീപ്തിയുടെ ഭര്‍ത്താവും ഡോക്ടറാണ്. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് സുജിത്ത് കൊല്ലത്തെ ജോലി അവസാനിപ്പിച്ച് മാലിദ്വീപിലേക്ക് പോയി. ഇതോടെ ദീപ്തിയുമായുള്ള ബന്ധത്തിലും സുജിത്ത് അകല്‍ച്ച സൃഷ്ടിച്ചു. ഇത് ദീപ്തിയെ അലട്ടിയിരുന്നു. ബന്ധം തുടരാന്‍ പലതവണ ആവശ്യപ്പെട്ടപ്പോഴും ഭാര്യയും കുട്ടികളുമുള്ളതിനാല്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഒഴിയാനാണ് സുജിത്ത് ശ്രമിച്ചത്. ഇതോടെ തന്നെ ചതിച്ചെന്ന ചിന്തയിലേക്ക് ദീപ്തി പോവുകയും വൈരാഗ്യമുണ്ടാവുകയും ചെയ്തു. സുജിത്തിന്റെ കുടുംബം തകര്‍ക്കണമെന്ന ലക്ഷ്യമായിരുന്നു ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
സുജിത്തിന്റെ വീടിരിക്കുന്ന വഞ്ചിയൂര്‍ ഭാഗത്ത് രണ്ട് തവണയെത്തി സാഹചര്യങ്ങള്‍ ദീപ്തി മനസിലാക്കി. ഞായറാഴ്ച രാവിലെയുള്ള സമയത്ത് അധികമാരും റോഡിലുണ്ടാവില്ലെന്നും ഉറപ്പിച്ചു. അങ്ങിനെയാണ് ഞായറാഴ്ച രാവിലെ എട്ടരയോടെയുള്ള സമയം ആക്രമണത്തിന് തിരഞ്ഞെടുത്തത്. ഓണ്‍ലൈനിലൂടെ എയര്‍ഗണ്‍ വാങ്ങി. യൂട്യൂബ് നോക്കി െവടിവയ്ക്കാനും പഠിച്ചു. ബന്ധുവിന്റെ കാറില്‍ വ്യാജ നമ്പരും പതിച്ചാണ് ആക്രമിക്കാനെത്തിയത്. വ്യാജ നമ്പർ സ്റ്റിക്കർ ദീപ്തി സംഘടിപ്പിച്ചത് ഒരു വർഷം മുൻപാണ്. കൊല്ലത്തെ ഒരു സ്ഥാപനത്തിൽ നിന്നാണ് 1155 എന്ന നമ്പറിലുള്ള സ്റ്റിക്കർ പതിപ്പിച്ചത്. വെടിവയ്ക്കാനുള്ള പരിചയക്കുറവും ആ സമയത്തെ വെപ്രാളവും കാരണം വെച്ചവെടി മൂന്നും ഉന്നം തെറ്റി. അതാണ് ഷിനിയുടെ ജീവന്‍ നിലനിര്‍ത്തിയത്.
വെടിവയ്പ്പുണ്ടായ ആദ്യ ദിവസം തന്നെ വ്യക്തിപരമായ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. എന്നാല്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഷിനിയോ ഭര്‍ത്താവ് സുജിത്തോ എന്തെങ്കിലും പ്രശ്നമുള്ളതായി തുറന്ന് പറഞ്ഞില്ല. ഇതോടെ വെടിവയ്പ്പിന് ശേഷം അക്രമി പോയ കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായി പൊലീസിന്റെ അന്വേഷണം. സി.സി.ടി.വി കാമറകള്‍ പിന്തുടര്‍ന്നതോടെ പൊലീസിന് ആദ്യ തെളിവ് കിട്ടി. കല്ലമ്പലത്ത് വച്ച് കാര്‍ നിര്‍ത്തി ദീപ്തി പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചതോടെ പൊലീസിനെ ആക്രമിയെ മനസിലായി. തുടര്‍ന്ന് ദീപ്തിയുടെ മൊബൈല്‍ നമ്പര്‍ കണ്ടെത്തി. ആ നമ്പറിലേക്കുള്ള ഫോണ്‍വിളി വിവരങ്ങളെടുത്തതോടെ ദീപ്തിയും സുജിത്തും തമ്മിലുള്ള ബന്ധം വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്ന് ദീപ്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
42 കിലോമീറ്റർ കാറോടിച്ച് നഗരമധ്യത്തിലെ വീട്ടിലെത്തി സുഹൃത്തിന്റെ ഭാര്യയ്ക്കു നേരെ വെടിയുതിർക്കാനുള്ള ഡോ.ദീപ്തിയുടെ ആസൂത്രണത്തിന് പ്രചോദനമായത് സിനിമകളെന്ന് പൊലീസ് പറയുന്നു. ഓൺലൈൻ വഴി എയർ പിസ്റ്റൾ വാങ്ങാനും കുറിയർ നൽകാനെന്ന വ്യാജേന സുഹൃത്തിന്റെ വീട്ടിലെത്താനും ദീപ്തി നടത്തിയ പ്ലാനിങ്ങിനു പിന്നിൽ സിനിമകളുടെ സ്വാധീനമുണ്ട്.
ഓൺലൈൻ വഴി എയർഗൺ വാങ്ങുന്നത് ഒരു സിനിമയിൽ കണ്ടത് പ്രേരണയായെന്നു ദീപ്തി വെളിപ്പെടുത്തിയെന്നു പൊലീസ് പറഞ്ഞു. മറ്റൊരു ക്രൈം ത്രില്ലർ സിനിമ കണ്ടിട്ടാണ് വ്യാജ നമ്പർ പ്ലേറ്റ് പതിക്കാൻ തീരുമാനിച്ചത്. കുറ്റകൃത്യം ചെയ്ത ശേഷം പൊലീസ് അന്വേഷണത്തെ വഴിതെറ്റിക്കും വിധം യാത്ര ചെയ്യാനും സിനിമാരംഗങ്ങളാണ് ദീപ്തിക്കു പ്രേരണയായത്. തുടക്കം മുതൽ കുറ്റവാളിയുടെ അതിബുദ്ധി പ്രകടമാണെന്നും പൊലീസ് പറഞ്ഞു.