TOPICS COVERED

കോട്ടയം നഗരസഭയിൽ  മൂന്നു കോടി രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയ ക്ലർക്ക് അഖിൽ സി.വർഗീസ് പണം തട്ടിയത് മരിച്ചുപോയ സ്ത്രീയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തിരുത്തി. സ്വന്തം അമ്മയുടെ അതേ പേരുള്ള സ്ത്രീയുടെ അക്കൗണ്ടിലെ ബാങ്ക് വിവരങ്ങളാണ് തിരുത്തിയത്. ഇയാൾ നിലവിൽ ജോലിചെയ്യുന്ന വൈക്കം നഗരസഭയും പരിശോധന ആവശ്യപ്പെട്ടിരിക്കുകയാണ്.

കോട്ടയം നഗരസഭയിൽ 2020 മുതൽ 2023 വരെ ഫാമിലി, റെഗുലർ പെൻഷനുകൾ കൈകാര്യം ചെയ്തിരുന്ന ക്ലർക്ക് ആയിരുന്നു അഖിൽ സി വർഗീസ്. മരിച്ചുപോയ ശ്യാമള എന്ന വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആയിരുന്നു ഓരോ മാസവും പെൻഷൻ തുക മാറ്റിയിരുന്നത്. അഖിലിന്റെ സ്വന്തം അമ്മയുടെ പേരും ശ്യാമള എന്നായിരുന്നതിനാൽ അമ്മയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചേർത്ത് അതിലേക്ക് ആയിരുന്നു പണം ശേഖരിച്ചിരുന്നത്. അഖിൽ സി.വർഗീസ് ജോലി ചെയ്യുന്ന വൈക്കം നഗരസഭയിൽ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധന ആവശ്യപ്പെട്ട് നഗരസഭ കത്ത് നൽകി.

പ്രാഥമിക പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയിട്ടില്ലെങ്കിലും അഖിലിന്റെ പ്രവർത്തനത്തിൽ സംശയം ശക്തമാണ്. ഓഫിസിൽ ആരോടും അധികം അടുപ്പം കാണിക്കാതിരുന്ന അഖിലിന് കിഡ്നി രോഗത്തിന് ചികിൽസ നടത്തുന്നയാളെന്ന പരിഗണനയും നൽകിയിരുന്നു. വളരെ ആർഭാടത്തോടെ ഓഫിസിൽ എത്തിയിരുന്ന അഖിൽ ചങ്ങനശ്ശേരിയിലേക്ക് സ്ഥലം മാറ്റത്തിനായുള്ള ശ്രമം നടത്തിവരികയായിരുന്നു. ഒളിവിലായ അഖിലിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.