തിരുവനന്തപുരം ശ്രീകാര്യത്തെ നടുറോഡില്‍ കാപ്പാ കേസ് പ്രതിയെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ തെളിവെടുപ്പിലും ചോദ്യം ചെയ്യലിലും പൊലീസിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി തരുന്നത് കൂസലില്ലാതെ. വെട്ടുകത്തികൊണ്ട് ആളുകളെ ഉപദ്രവിക്കുന്നത് ശീലമാക്കിയതോടെ വെട്ടുകത്തി ജോയി എന്ന വട്ടപ്പേര് കിട്ടിയ വട്ടപ്പാറ കുറ്റിയാണി സ്വദേശി ജോയിയാണ് വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. 

ജോയിയുടെ എതിര്‍സംഘത്തില്‍പെട്ട ഷജീര്‍, നന്ദുലാല്‍, വിനോദ്, ഉണ്ണികൃഷ്ണന്‍, രാകേഷ് എന്നിവരാണ് പിടിയിലായത്.

ഷജീറിന്‍റെ നിര്‍ദേശപ്രകാരമാണ് മറ്റ് നാലുപേര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. തെളിവെടുപ്പിന് എത്തിച്ചപ്പോളും ചോദ്യം ചെയ്തപ്പോളും കുറ്റം ഏറ്റുപറഞ്ഞ പ്രതികള്‍ അവരുടെ ഉദേശവും കുറ്റബോദം ഒട്ടുമില്ലാതെ വെളിപ്പെടുത്തി.

കൊല്ലപ്പെട്ട ജോയിയും മുഖ്യപ്രതിയായ ഷജീറും ഒരുമിച്ച് നേരത്തെ മണ്ണെടുപ്പും മണല്‍ക്കടത്തും നടത്തിയിരുന്നു. പിന്നീട് സാമ്പത്തിക ഇടപാടിനെ ചൊല്ലി ഇവര്‍ പിരിഞ്ഞു. പിന്നീട് ജോയി നടത്തിയ ക്വട്ടേഷന്‍ ആക്രമണത്തേക്കുറിച്ച് ഷജീര്‍ പൊലീസിന് വിവരം ചോര്‍ത്തി നല്‍കി. ഇതോടെ ജോയിക്ക് ഷജീറിനോട് ശത്രുതയായി. പിന്നീട് പലതവണ ജോയിയുടെ നേതൃത്വത്തിലുള്ള സംഘം ഷജീറിനെ ആക്രമിച്ചു. കഴിഞ്ഞമാസം 21നും വീട് കയറി ആക്രമിച്ചു. സഹോദരിയുടെ മുന്‍പിലിട്ട് അടിച്ചത് ഷജീറിന് നാണക്കേടുമായി. ഇതോടെയാണ് ജോയിയെ വകവരുത്താന്‍ തീരുമാനിച്ചത്.

ജോയിയെ കൊല്ലാന്‍ തീരുമാനിച്ചിരുന്നില്ലെന്നാണ് പ്രതികള്‍ പറയുന്നത്. എഴുന്നേറ്റ് നടക്കാതെ, കിടപ്പിലാകുന്ന തരത്തില്‍ കാലുകള്‍ വെട്ടിയെടുക്കാനായിരുന്നു പദ്ധതി. തലയിലോ ദേഹത്തോ വെട്ടരുതെന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. അത് അനുസരിച്ച് കാലിലാണ് മാറിമാറി വെട്ടിയത്. എന്നാല്‍ ജോയി മരിച്ചുപോകുമെന്ന് കരുതിയില്ലെന്നും പ്രതികള്‍ മൊഴി നല്‍കി.

ഇരുകാലിലും ആഴത്തിലുള്ള 23 വെട്ടുകളാണ് ഏറ്റത്. രണ്ട് കാലും പകുതിയിലേറെയും അറ്റുപോയ നിലയിലായിരുന്നു. രക്തം വാര്‍ന്ന് ഒരു മണിക്കൂറോളം റോഡില്‍ കിടന്നതുമാണ് മരണത്തിനിടയാക്കിയത്. കൊല്ലാന്‍ ഉദേശിച്ചില്ലങ്കിലും മരിച്ചതോടെ ശല്യം ഒഴിഞ്ഞെന്നാണ് പ്രതികളുടെ നിലപാട്. വെറുതെ അടിച്ചിട്ട് പോയാല്‍ അതിന്‍റെ ഇരട്ടിയായി ജോയി തിരിച്ചടിക്കും. അതിനാലാണ് കാല് വെട്ടിയെടുത്ത് കിടപ്പിലാക്കാന്‍ തീരുമാനിച്ചത്. മരിച്ചതോടെ ആ പ്രശ്നവും ഒഴിഞ്ഞെന്ന് കൂസലില്ലാതെ മൊഴി നല്‍കുകയാണ് തലസ്ഥാനത്തെ ഗുണ്ടാസംഘം.

ENGLISH SUMMARY:

Accused included in KAPA case accused murder case in Trivandrum didn't show any kind of guilty while police questioning and spot examination.