crime

ഛത്തീസ്ഗഡിലെ കബിര്‍ധാമില്‍ ദൃശ്യം മോഡല്‍ കൊലപാതകമെന്ന് സൂചന. ജൂലൈ 19നാണ് സംഭവം. യുവതിയെ കാമുകനും മുന്‍ ഭര്‍ത്താവും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം വനത്തില്‍ കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ യുവതിയുടെ മുന്‍ഭര്‍ത്താവ് ലുകേഷ് സാഹു, യുവതിയുടെ കാമുകന്‍  രാജാ റാം സാഹു എന്നിവരെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. 

ജൂലൈ 22ന് യുവതിയുടെ പിതാവായ രാംകിലാവന്‍ സാഹു മകളെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതകം ചുരുളഴിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുന്‍ഭര്‍ത്താവിനെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

മൂന്നുവര്‍ഷം മുന്‍പാണ് യുവതിയും ലുകേഷ് സാഹുവും തമ്മില്‍ വേര്‍പിരിഞ്ഞത്. കുടുംബവഴക്കായിരുന്നു കാരണം. തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. വിവാഹമോചനത്തിനു ശേഷം മൂന്നു കുട്ടികളുടെ ചിലവിനായി പണം നല്‍കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്ന് ലുകേഷ് സാഹു യുവതിക്ക് പ്രതിമാസ ജീവനാംശം നല്‍കിയിരുന്നു. എന്നാല്‍ അടുത്തകാലത്തായി പണം കണ്ടെത്താന്‍ കഴിയാതെ യുവാവ് ബുദ്ധിമുട്ടിയിരുന്നു.

യുവതിയുടെ അതേ ഗ്രാമത്തില്‍ തന്നെയുള്ളയാളാണ് കാമുകനായ രാജാ റാം. യുവതിക്ക് ഒന്നര ലക്ഷം രൂപയും നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും കാമുകനായ രാജാ റാം വാങ്ങി നല്‍കി. ഇതിന് പുറമെ യുവതി തുടര്‍ച്ചയായി പണവും ആവശ്യട്ടെു. ഇതോടെ കുപിതനായ കാമുകന്‍ മുന്‍ഭര്‍ത്താവുമായി ചേര്‍ന്ന് യുവതിയെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. 

മുന്‍കൂട്ടി നിശ്ചയിച്ചത് അനുസരിച്ച് ജൂലൈ 19ന് രാജാ റാം യുവതിയെ വിളിച്ച് ഇരുചക്രവാഹനത്തിൽ ഘനിഖുത വനത്തിലേക്ക് പോയി. സ്ഥലത്തേക്ക് ലുകേഷും എത്തി.  തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.  മരിച്ചെന്നുറപ്പായതോടെ മൃതദേഹം താഴ്‌വരയിൽ കുഴിച്ചിട്ട് ഇരുചക്രവാഹനവും മൊബൈൽ ഫോണും കരനാല ബാരേജിൽ ഉപേക്ഷിച്ചു. ഗ്രാമത്തിലെ വൈദ്യുതത്തൂണിന് സമീപം ആഭരണങ്ങൾ മണ്ണിനടിയിൽ ഒളിപ്പിച്ചു.

പൊലീസ് പിടിക്കാതിരിക്കാന്‍ ഐഡിയ ലഭിക്കാന്‍ വേണ്ടി കുറ്റകൃത്യം നടപ്പിലാക്കുന്നതിന് മുന്‍പ് പ്രതികള്‍ 'ദൃശ്യ' ത്തിന്‍റെ ഹിന്ദി പകര്‍പ്പ് കണ്ടെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം, വാഹനം, ആഭരണങ്ങൾ, കുറ്റകൃത്യത്തിന് ഉപയോഗിച്ച വസ്തുക്കൾ എന്നിവ പൊലീസ് കണ്ടെടുത്തു, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ENGLISH SUMMARY:

Woman was killed by her ex-husband and her lover