mayannur-murderattempt

TOPICS COVERED

ഒറ്റപ്പാലം മായന്നൂർ പാലത്തിനു സമീപം ഭാരതപ്പുഴയിൽ തമിഴ്‌നാട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ക്വട്ടേഷൻ സംഘം ആക്രമണത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി. കൃത്യത്തിൽ നേരിട്ടു പങ്കാളികളായ മൂന്നുപേരെ സ്ഥലത്തെത്തിച്ചു നടത്തിയ തെളിവെടുപ്പിനിടെയാണ് പ്രതികൾ ഉപേക്ഷിച്ച ആയുധം പൊലീസ് കസ്റ്റഡിയിലെടുത്തത്

 

കോയമ്പത്തൂർ കോവൈപുതൂർ സ്വദേശി സൽമാൻഖാൻ, സഹോദരൻ ഷാരൂഖ് ഖാൻ, കരിമ്പുകടൈ ചേരാൻ നഗർ മുഹമ്മദ് നാസർ എന്നിവരെയാണ് പൊലീസ് ഭാരതപ്പുഴയുടെ കടവില്‍ തെളിവെടുപ്പിനെത്തിച്ചത്. മായന്നൂർ പാലത്തിനു താഴെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കത്തി. പ്രതികളെ അടുത്ത ദിവസം തെളിവെടുപ്പിനായി കോയമ്പത്തൂരിലേക്കു കൊണ്ടുപോകും. തമിഴ്നാട് കരൂർ സ്വദേശി പത്മനാഭനെ കുത്തിയും വെട്ടിയും പരുക്കേൽപ്പിച്ച കേസിലായിരുന്നു തെളിവെടുപ്പ്. ആക്രമണത്തിൽ നേരിട്ടു പങ്കാളികളായവർ ഉൾപ്പെടെ ആറുപേരാണ് ഇതിനകം അറസ്റ്റിലായത്. നാസറിനു ക്വട്ടേഷൻ ഏൽപ്പിച്ചവർ ഉൾപ്പെടെ കേസിൽ ഇനിയും ചിലർ പിടിയിലാകാനുണ്ട്. ഇവർക്കായി അന്വേഷണം ഊർജിതമാക്കി. 

കഴിഞ്ഞമാസം പതിനൊന്നിന് രാവിലെ മായന്നൂർ പാലത്തിനു സമീപമായിരുന്നു ആക്രമണം. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള ക്വട്ടേഷനാണിതെന്നും കൊലപ്പെടുത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നുമാണു പൊലീസിന്റെ കണ്ടെത്തൽ. പത്മനാഭൻ മരിച്ചെന്നു ധരിച്ച് ഇവർ സംഭസ്ഥലത്തു നിന്നു രക്ഷപ്പെട്ടതിനു പിന്നാലെയാണ് ഇയാൾ നടന്നു മായന്നൂർ പാലത്തിനു സമീപമെത്തിയതും രക്തം വാർന്ന നിലയിൽ കുഴഞ്ഞു വീണതും. തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട പത്മനാഭൻ ആരോഗ്യനില വീണ്ടെടുത്ത് ആശുപത്രി വിട്ടു.

ENGLISH SUMMARY:

Police found a knife in the case of attempted murder of a native of Tamil Nadu