ടിക്കറ്റിന്‍റെ ബാക്കി തുകയെ ചൊല്ലി ആലപ്പുഴ കായംകുളത്ത് കെഎസ്ആർടിസി വനിത കണ്ടക്ടർക്ക് മർദ്ദനം. കണ്ടക്ടറെ മർദിക്കുകയും ബസിൽ ബഹളം വയ്ക്കുകയും ചെയ്ത യാത്രക്കാരനെതിരെ പൊലീസ് കേസെടുത്തു.
പുലർച്ചെ കായംകുളം ഡിപ്പോയിൽ നിന്നും താമരക്കുളം, വണ്ടാനം റൂട്ടിൽ ഓടുന്ന ഓർഡിനറി ബസിലെ കണ്ടക്ടർക്കാണ് യാത്രക്കാരന്റെ മർദ്ദനമേറ്റത്. വള്ളിക്കുന്നം സ്വദേശി ജാവേദാണ് കണ്ടക്ടറെ മർദ്ദിച്ചത്. ടിക്കറ്റിന്റെ ബാക്കി തുകയായ ഏഴ് രൂപയെ ചൊല്ലിയായിരുന്നു തർക്കം. ടിക്കറ്റ് എടുത്ത ശേഷം കണ്ടക്ടർ ബാക്കി തുക തിരികെ ഇയാളെ ഏൽപ്പിച്ചു. എന്നാൽ ഏഴ് രൂപ തിരികെ നൽകിയില്ലെന്നും വീണ്ടും നൽകണമെന്നും ആവശ്യപ്പെട്ട് ഇയാൾ കണ്ടക്ടറെ കയ്യേറ്റം ചെയ്തെന്നാണ് പരാതി
ബസിനുള്ളിൽ ബഹളം വച്ച ജാവേദ് ഓച്ചിറ മുതൽ കായംകുളം വരെ ടിക്കറ്റ് കൊടുക്കുവാനും സമ്മതിച്ചില്ല. ബസ് കായംകുളം ഡിപ്പോയിൽ എത്തിയപ്പോൾ കണ്ടക്ടർ പരാതിപ്പെട്ടു. തുടർന്ന് പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. കണ്ടക്ടറുടെ പരാതിയിൽ കായംകുളം പൊലീസ് കേസെടുത്തു