ഒറ്റപ്പാലം വേങ്ങശ്ശേരിയിൽ സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ച കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. ഇരുപത്തിനാലുകാരൻ വേങ്ങശ്ശേരി സ്വദേശി രാജേഷും പതിനേഴുകാരനുമാണു വധശ്രമ കേസിൽ ഷൊർണൂർ പൊലീസിൻ്റെ പിടിയിലായത്. രാത്രികാലങ്ങളിൽ ബൈക്കിൽ ചുറ്റുന്നത് ചോദ്യം ചെയ്തതിലുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ്.
സിപിഎം ബ്രാഞ്ച് സെക്രട്ടറി വേങ്ങശ്ശേരി പുത്തൻവീട്ടുപറമ്പിൽ കൃഷ്ണകുമാറിനെ ആക്രമിച്ച കേസിലാണ് നടപടി. തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു ആക്രമണം. ചുമട്ടുതൊഴിലാളി കൂടിയായ കൃഷ്ണകുമാർ ജോലി കഴിഞ്ഞ്
വീട്ടിലേക്കു പോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. രാത്രി സമയങ്ങളിലുള്ള യുവാക്കളുടെ ബൈക്കിലുളള കറക്കം ചോദ്യം ചെയ്തതിൻ്റെ പേരിലുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിലേക്കു നയിച്ചതെന്നു പൊലീസ് അറിയിച്ചു. കൃഷ്ണകുമാറിൻ്റെ ബൈക്ക് തടഞ്ഞു പ്രകോപനമില്ലാതെയായിരുന്നു ആയുധങ്ങളുമായി ആക്രമണമെന്നാണു കേസ്. തലയ്ക്കും കൈകൾക്കും സാരമായി പരുക്കേറ്റ കൃഷ്ണകുമാർ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ്കുമാർ, പൊലീസ് ഇൻസ്പെക്ടർ എ.അജീഷ്, എസ്ഐ എം.സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.