ഒറ്റപ്പാലത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ യാത്രക്കാരിയുടെ മാല മോഷ്ടിച്ച തമിഴ് യുവതിയെ യാത്രക്കാർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ദിണ്ടിഗൽ സ്വദേശിനി സന്ധ്യ എന്ന കർപ്പകമാണു ഒറ്റപ്പാലം പൊലീസിൻ്റെ പിടിയിലായത്.  

ചെർപ്പുളശ്ശേരി - ഒറ്റപ്പാലം റൂട്ടിൽ ഓടുന്ന ബസിൽ രാവിലെ പനമണ്ണയിൽ നിന്നു കയറിയ അമ്പലവട്ടം സ്വദേശിനിയായ വീട്ടമ്മയുടെ ഒന്നര പവൻ തൂക്കം വരുന്ന മലയാണു യുവതി കൈക്കലാക്കിയത്. ചുരിദാറിന്‍റെ ഷാൾ ഉപയോഗിച്ചു മറച്ചായിരുന്നു പിടിച്ചുപറി. ഷാളിന്‍റെ മറവിൽ മാല കൈക്കലാക്കിയതു വീട്ടമ്മ തിരിച്ചറിഞ്ഞു. ഇതോടെ യുവതി മാല ബസിനുള്ളിൽ ഉപേക്ഷിച്ചു. സ്റ്റാൻഡിൽ ബസ് എത്തിയതോടെ യാത്രക്കാർ യുവതിയെ പൊലീസിനു കൈമാറി. പിന്നീടാണു ജീവനക്കാർ ബസിനുള്ളിൽ മാല തിരഞ്ഞു  കണ്ടെത്തിയതും പൊലീസിനു കൈമാറിയതും. പിടിയിലായ യുവതിയുടെ പേരിൽ സമാനമായ ഒട്ടേറെ കേസുകൾ ഉണ്ടെന്നാണു പൊലീസിന് ലഭിച്ച വിവരം. ഓണത്തിരക്ക് പരിഗണിച്ച് തമിഴ്നാട്ടിൽ നിന്ന് ഒട്ടേറെ മോഷണ സംഘങ്ങൾ ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി മേഖലകളിൽ എത്തിയിട്ടുണ്ടെന്നും ജാഗ്രത വേണമെന്നും പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

Tamil woman steals passenger's chain in private bus