TOPICS COVERED

ഇടുക്കി ചിന്നക്കനാലില്‍ ചരിഞ്ഞ കാട്ടാനയ്ക്ക് നേരത്തെ വെടിയേറ്റിരുന്നതായി സ്ഥിരീകരണം. പോസ്റ്റുമോര്‍ട്ടത്തില്‍ മുറിവാലന്‍റെ ജഡത്തില്‍നിന്ന് ഇരുപത് വെടിയുണ്ടകള്‍ കണ്ടെത്തി. എന്നാല്‍ ചക്കകൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ ശ്വാസകോശത്തിനുണ്ടായ ആഘാതമാണ് മരണകാരണമെന്നും വനംവകുപ്പ് വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരുക്കേറ്റ് ചരിഞ്ഞ മുറിവാലൻ കൊമ്പന്റെ പോസ്റ്റുമോർട്ടത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മുറിവാലന്റെ ശരീരത്തിൽ നിന്ന് 19 ചെറിയ പെലറ്റുകളും ഒരു വലിയ പെല്ലെറ്റും കണ്ടെത്തി. എയർഗണ്ണിൽ ഉപയോഗിക്കുന്ന പെല്ലറ്റുകൾ ആകാമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഈ പെല്ലറ്റുകൾ ഒന്നും ആനയുടെ ആന്തരികാവയവങ്ങളിൽ ക്ഷതമേൽപ്പിക്കുന്ന തരത്തിലുള്ളവയല്ല. 

നേരത്തെ വയനാട്ടിൽ ചരിഞ്ഞ തണ്ണീർ കൊമ്പന്റെ ശരീരത്തിലും പെല്ലറ്റുകൾ ഏറ്റ പാടുകൾ ഉണ്ടായിരുന്നു. മുറിവാലന്റെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒരാഴ്ചയ്ക്കകം പുറത്തുവരും. വനംവകുപ്പ് സർജൻ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം. ഏറ്റുമുട്ടലിനിടെ പരുക്കേറ്റ ചക്കക്കൊമ്പനെ വനം വകുപ്പ് നിരീക്ഷിച്ചു വരികയാണ്. ചരിഞ്ഞ മുറിവാലന്റെ ജഡം വനത്തിൽ മറവ് ചെയ്തു