palluruthy-arrest

TOPICS COVERED

അയര്‍ലാന്‍ഡില്‍ ജോലിവാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ യുവതി കൊച്ചി പള്ളുരുത്തി പൊലീസിന്‍റെ പിടിയില്‍. പള്ളുരുത്തി സ്വദേശിനി അനുവിനെയാണ് മംഗലാപുരത്തു നിന്ന് അറസ്റ്റ് ചെയ്തത്. ഇസ്രായേലിലുള്ള മലയാളികളായ അന്‍പതിലേറെ പേരാണ് അനുവും ഭര്‍ത്താവ് ജോബിന്‍ ജോബിന്‍റെയും തട്ടിപ്പിന് ഇരയായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ഒരുവര്‍ഷത്തിനിടെയാണ് അന്‍പതിലേറെ പേരെ പറ്റിച്ച് അനുവും ഭര്‍ത്താവ് ജോബിനും കോടികള്‍ സ്വന്തമാക്കിയത്. തട്ടിപ്പിനിരയായതിലേറെയും ഇസ്രായേലില്‍ നഴ്സുമാരായി ജോലിചെയ്യുന്ന സ്ത്രീകള്‍. കുടുംബത്തോടൊപ്പം താമസിക്കാനുള്ള ഇവരുടെ ആഗ്രഹത്തെയാണ് ദമ്പതികള്‍ മുതലെടുത്തത്. കണ്‍സള്‍ട്ടിങ് സ്ഥാപനം പോലും നടത്താതെ വാട്സപ്പ് വഴിയായിരുന്നു തട്ടിപ്പ്. ഒരുവര്‍ഷത്തോളം ഇസ്രായേലില്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്ത അനു ഇവിടെ നിന്ന് ഉണ്ടാക്കിയെടുത്ത ബന്ധങ്ങള്‍ തട്ടിപ്പിനായി പ്രയോജനപ്പെടുത്തി. തട്ടിപ്പിനിരയായ പള്ളുരുത്തി സ്വദേശികള്‍ നല്‍കിയ പരാതിയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം. ഇടുക്കി ജില്ലകളിലായി അന്‍പതിലേറെ പേര്‍ തട്ടിപ്പിനിരയായി. വിവിധ ജില്ലകളിലായി ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അനു പിടിയിലാകുന്നത് ഇതാദ്യം. പ്രാഥമിക പരിശോധനയില്‍ രണ്ടരകോടിയുടെ തട്ടിപ്പ് നടന്നതായി പൊലീസ് കണ്ടെത്തി. മട്ടാഞ്ചേരി എസിപി മനോജ്കുമാറിന്‍റെ േമല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

അനുവിന്‍റെ ഭര്‍ത്താവ് ജോബിന്‍ ഇപ്പോളും ഒളിവിലാണ്. മറ്റൊരാളും തട്ടിപ്പ് സംഘത്തിലുണ്ടെന്ന സൂചനയും പൊലീസിനുണ്ട്. വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകള്‍ വ്യാപകമായതോടെ ഏജന്‍സികളുടെ വിശ്വാസ്യത ആവര്‍ത്തിച്ച് ഉറപ്പുവരുത്തണമെന്ന് പൊലീസ് ആവശ്യപ്പെടുന്നു.  വിദേശകാര്യ മന്ത്രാലയത്തിന്‍റെ www.emigrate.gov.in എന്ന വെബ്സൈറ്റില്‍ അംഗീകൃത ഏജന്‍സികളുടെ പട്ടിക ഏതൊരാള്‍ക്കും പരിശോധിക്കാം. ഇതിലൂടെ ഒരുപരിധിവരെ തട്ടിപ്പിന് തടയിടാമെന്നും ഡിസിപി കെ.എസ്. സുദര്‍ശന്‍ വ്യക്തമാക്കി.