കൊച്ചി നിറ്റാ ജലാറ്റിന്‍ ഓഫീസ് ആക്രമണകേസില്‍ മാവോയിസ്റ്റ് സി.പി. മൊയ്തീനുമായി പൊലീസിന്‍റെ തെളിവെടുപ്പ്. പനമ്പിള്ളി നഗറിലും നിറ്റാ ജലാറ്റിന്‍ കോര്‍പ്പറേറ്റ് ഓഫിസിലുമായിരുന്നു തെളിവെടുപ്പ്. കേസില്‍ പത്താംപ്രതിയായ മൊയ്തീന്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് പിടിയിലാകുന്നത്.
2014 നവംബറിലായിരുന്നു കൊച്ചി പനമ്പിള്ളി നഗറിലെ നിറ്റാ ജലാറ്റിന്‍ കോര്‍പ്പറേറ്റ് ഓഫീസിനു നേരെ മാവോയിസ്റ്റ് ആക്രമണം. മൊയ്തീനുള്‍പ്പെടെ പതിനൊന്നംഗ സംഘമായിരുന്നു ആക്രമണത്തിന് പിന്നില്‍. തൃശൂരിലെ നിറ്റ ജലാറ്റിന്‍ സമരം അടിച്ചമര്‍ത്തിയതിലെ പ്രതികാരമായിരുന്നു ആക്രമണം. ഓഫിസ് അടിച്ച് തകര്‍ത്ത മാവോയിസ്റ്റ് സംഘം ലഘുലേഖകളും വിതറി. ഒളിവില്‍ പോയ പ്രതികളില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം ആസുത്രണം ചെയ്ത മൊയ്തീനടക്കമുള്ളവര്‍ ഒളിവില്‍ തുടര്‍ന്നു. വിവിധ ജില്ലകളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം തുടര്‍ന്ന മൊയ്തീനെ കഴിഞ്ഞ മാസം ഭീകരവിരുദ്ധ സ്ക്വാഡ് ആലപ്പുഴയില്‍ നിന്നാണ് പിടികൂടിയത്. യുഎപിഎ അടക്കം മുപ്പതിലേറെ കേസുകളില്‍ പ്രതിയാണ് മൊയ്തീന്‍. സൗത്ത് പൊലീസ് റജിസറ്റര്‍ ചെയ്ത കേസില്‍ പത്താംപ്രതിയാണ് മൊയ്തീന്‍. പനമ്പള്ളി നഗറിലെ നീറ്റാ ജലാറ്റിന്‍റെ കോര്‍പ്പറേറ്റ് ഓഫിസിലേക്കുള്ള വഴിയും, ആക്രമണത്തിന്‍റെ രീതിയും നിര്‍ദേശിച്ചത് മൊയ്തീന്‍ ഉള്‍പ്പെട്ട സംഘമാണ്. എറണാകുളം എസിപി പി. രാജ്കുമാറിന്‍റെ നേതൃത്വത്തില്‍ ഇവിടെയെല്ലാം പ്രതിയെ എത്തിച്ച് തെളിവെടുത്തു. 11 പ്രതികളുള്ള കേസില്‍ നാല് പേര്‍ കൂടി പിടിയിലാകാനുണ്ട്. 2022 മാര്‍ച്ചില്‍ കേസിലെ ആറാം പ്രതി ഷൈന്‍ പിടിയിലായി. മൊയ്തീനിലൂടെ ഒളിവില്‍ കഴിയുന്ന മറ്റ് പ്രതികളെ പിടുകൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.