theft-cctv

TOPICS COVERED

വീടുകളും സ്ഥാപനങ്ങളുമൊക്കെ അടച്ചിട്ട് ഓണാഘോഷത്തിരക്കിലേക്ക് പോകുമ്പോൾ മോഷ്ടാക്കൾക്കെതിരെയും ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസം കൊല്ലം നഗരത്തിൽ കടപ്പാക്കടയിൽ ഒരു വീടിന്‍റെ മുന്നിലെത്തിയ അപരിചിതനായ ആൾ ഗേറ്റ് തുറന്ന് മൊബൈൽ ഫോണിൽ വീടിന്‍റെ ദൃശ്യങ്ങളെടുത്തു. മോഷ്ടാവെന്ന് സംശയമുള്ള ഇയാൾക്കായി ഈസ്റ്റ് പൊലീസ് അന്വേഷണം തുടരുകയാണ്. 

 

കടപ്പാക്കട എൻടിവി നഗറിലെ ഒരു വീടിന് മുന്നിലാണ് അപരിചിതനായ ഒരാൾ കഴിഞ്ഞദിവസം എത്തിയത്. രാവിലെ 8.20 ന് ഗേറ്റ് തുറന്ന് വീട്ടുമുറ്റത്ത് എത്തിയ ഇയാൾ നിമിഷനേരം കൊണ്ട് മൊബൈൽ ഫോണിൽ വീടിന്റെ ദൃശ്യങ്ങളെല്ലാം പകർത്തി. വീടിന് അകത്തുണ്ടായിരുന്ന ആൾ ആരാണെന്ന് ചോദിച്ചപ്പോഴേക്കും സ്ഥലംവിട്ടു. 

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. മോഷ്ടാവ് തന്നെയാണ് വീട്ടിലെത്തിയതെന്നാണ് പൊലീസിന്റെയും നിഗമനം. റെയിൽവേ സ്റ്റേഷനോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ മോഷ്ടാക്കൾക്ക് വളരെ വേഗം രക്ഷപ്പെടാൻ വഴികൾ ഏറെയാണ്. ഓണം അവധിക്ക് വീട് പൂട്ടി പോകുന്നവരും പ്രായമുള്ളവരെ തനിച്ചാക്കി  ഷോപ്പിങ്ങിന് പോകുന്നവരുമൊക്കെ  ശ്രദ്ധിക്കണം. വീടുപൂട്ടി ദിവസങ്ങളോളം മാറി നിൽക്കുന്നവർ പൊലീസിന്‍റെ മൊബൈല്‍ ആപ്പ് വഴി അറിയിച്ചാല്‍ പ്രദേശത്ത് പൊലീസ് നിരീക്ഷണം ഉണ്ടാകും.