TOPICS COVERED

ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും എക്സൈസ് പരിശോധനയിൽ കണ്ടെത്തിയത് 67 ലക്ഷം രൂപയുടെ കുഴൽപ്പണം. ഈരാറ്റുപേട്ടയിൽ നിന്ന് 44 ലക്ഷവും പൊൻകുന്നത്ത് നിന്ന് 23 ലക്ഷവുമാണ് പിടികൂടിയത്. കട്ടപ്പന വെള്ളിയാമറ്റം സ്വദേശിയായ മനോജ് മണിയാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.   

ഈരാറ്റുപേട്ട എക്സൈസിന്‍റെ നേതൃത്വത്തിൽ  നടത്തിയ പരിശോധനക്കിടെയാണ് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന അന്തർ സംസ്ഥാന ബസിലെ യാത്രക്കാരനിൽ നിന്ന് 44 ലക്ഷം രൂപ പിടികൂടുന്നത്. പിടികൂടിയ മനോജ് എന്ന കട്ടപ്പന സ്വദേശിയെ വിശദമായി ചോദ്യം ചെയ്തതോടെ ഇയാളുടെ കൈവശമുണ്ടായിരുന്ന 23 ലക്ഷം രൂപ കൂടി ബസ്സിനുള്ളിൽ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് പൊൻകുന്നം എക്സൈസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 23 ലക്ഷം കൂടി കണ്ടെത്തുകയായിരുന്നു.സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു 23 ലക്ഷം രൂപ.പ്രതിയേയും  പണവും ഈരാറ്റുപേട്ട പൊലീസിന് കൈമാറി. 

എരുമേലിയിൽ താമസിച്ചു വരുന്ന മനോജ്  എരുമേലി സ്വദേശിയായ ഷുക്കൂർ എന്നയാൾക്ക് കൊടുക്കാനായി ആണ് പണം കൊണ്ടുവന്നത് എന്നാണ് പൊലീസ് പറയുന്നത്. ഇൻകം ടാക്സ് എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾക്കും വിവരം കൈമാറിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ തന്നെ കഴിഞ്ഞദിവസം തലയോലപ്പറമ്പിൽ വച്ച് അന്തർ സംസ്ഥാന ബസ് യാത്രക്കാരനായ    പത്തനാപുരം സ്വദേശിയിൽ നിന്ന് ഒരുകോടി 12 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.