കൊല്ലത്ത് സ്കൂട്ടര്‍ യാത്രികയെ ഇടിച്ചു വീഴ്ത്തി കാര്‍ കയറ്റിയിറക്കിയ അപകടത്തില്‍ കാറോടിച്ചിരുന്ന ഡ്രൈവര്‍ അജ്മല്‍ പിടിയില്‍. അതിവേഗത്തില്‍ കാറുമായി കടന്ന അജ്മലിനെ പൊലീസ് പിടികൂടുകയായിരുന്നു. അജ്മലിനെതിരെ മനഃപൂര്‍വമുള്ള നരഹത്യാകുറ്റമായ ബി.എന്‍.എസ് 105 വകുപ്പ് ചുമത്തി. പ്രതി മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് സൂചന. ഇടിച്ചയുടന്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അജ്മല്‍ കാര്‍ നിര്‍ത്തിയില്ലെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. മൈനാഗപ്പള്ളി ആനൂര്‍ക്കാവിലെ അപകടത്തില്‍ കുഞ്ഞുമോളാ(45)ണ് മരിച്ചത്. കാറും കാറിലുണ്ടായിരുന്ന വനിത ഡോക്ടറെയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം അജ്മലിന്‍റെ കാര്‍ വന്നത് തെറ്റായ ദിശയിലൂടെയാണെന്ന് ദൃക്സാക്ഷി സഞ്ജയ് പറഞ്ഞു. ഇടിച്ചയുടന്‍ സ്കൂട്ടറിലുണ്ടായിരുന്നവര്‍ റോഡില്‍ തെറിച്ചുവീണുവെന്നും ഫൗസിയ സൈഡിലേക്കും കുഞ്ഞുമോള്‍ റോഡിന്‍റെ നടുവിലേക്കുമാണ് വീണതെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം വാഹനം നിര്‍ത്താന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും അജ്മല്‍ കേട്ടില്ലെന്നും കാര്‍ പിന്നോട്ടെടുത്ത ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ടെടുക്കുകയായിരുന്നുവെന്നും നാട്ടുകാരിയായ വിദ്യയും പറയുന്നു. ഇടിച്ചയുടന്‍ കാര്‍ നിര്‍ത്തിയിരുന്നുവെങ്കില്‍ കുഞ്ഞുമോളുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തിരുവോണദിനത്തില്‍ വൈകുന്നേരം അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന കുഞ്ഞുമോളുടെ ബന്ധു ഫൗസിയയ്ക്കും അപകടത്തില്‍ പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന കുഞ്ഞുമോള്‍ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. ഇടക്കുളങ്ങര സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണ് കാര്‍.