shabeer-complaint

TOPICS COVERED

മദ്യലഹരിയില്‍ വാഹനമോടിക്കുന്നതിനിടെ അപകടത്തില്‍പെട്ട  സിപിഐ പ്രാദേശിക നേതാവ്  രക്ഷിക്കാനെത്തിയ വീട്ടുകാരെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. തിരുവനന്തപുരം മുടപുരം എന്‍ഇഎസ് ബ്ലോക്ക് ബ്രാഞ്ച് സെക്രട്ടറി ജഹാംഗീറും സുഹൃത്ത് നസീറും ചേര്‍ന്നാണ് പ്രവാസിയായ ഷെബീര്‍ഖാനേയും കുടുംബത്തേയും ആക്രമിച്ചത്. രാഷ്ട്രീയ സ്വാധീനത്തില്‍ മംഗലപുരം പൊലീസ് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന് ഷെബീര്‍ഖാന്‍ ആരോപിച്ചു. 

 

തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. തോന്നയ്ക്കലിലെ വീട്ടിനു മുമ്പില്‍ ബഹളം കേട്ടാണ് പ്രവാസിയായ ഷെബീര്‍ഖാനും ഭാര്യയും പുറത്തേയ്ക്ക് ഇറങ്ങുന്നത്. സ്കൂട്ടറില്‍ നിന്ന് വീണുകിടക്കുന്ന ജഹാംഗീറിനേയും ഭാര്യയേയും കുട്ടിയേയും കണ്ട വീട്ടുകാര്‍ അപകടത്തില്‍ പെട്ടവരെ വീട്ടു മുറ്റത്തേയ്ക്ക് കയറ്റി ഇരുത്തി വെളളം കൊടുത്തു. ജഹാംഗീര്‍ സുഹൃത്തായ നസീറിനെ ഫോണില്‍ വിളിച്ചുവരുത്തി. മദ്യലഹരിയിലായിരുന്ന നസീര്‍ എത്തിയ ഉടന്‍ വാഹന അപകടം ഉണ്ടാക്കിയവരാണെന്ന് ആരോപിച്ച് രക്ഷിച്ച വീട്ടുകാരെ കൈയേറ്റം ചെയ്തെന്നാണ് വിവരം. വാക്കു തര്‍ക്കം മൂത്തതോടെ മദ്യലഹരിയിലായിരുന്ന ജഹാംഗീറും നസീറിനൊപ്പം ചേര്‍ന്ന് ഷബീറിനേയും ഭാര്യയേയും മര്‍ദിച്ചു. സ്വര്‍ണമാല തട്ടിയെടുത്തെന്നും പരാതിയിലുണ്ട്. 

സിസിടിവി ദൃശ്യങ്ങളടക്കം പരാതി നല്കിയിട്ടും മംഗലപുരം പൊലീസ് കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. പൊലീസ് നടപടിക്കെതിരെ ഷെബീര്‍ഖാന്‍ ഡിജിപിക്ക് പരാതി നല്കി.