ഫർണിച്ചർ കമ്പനിയുടെ പേരിൽ  മണിച്ചെയിൻ മാതൃകയില്‍ നടക്കുന്ന  തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കേരളാ പൊലീസ്. കമ്പനിയുടെ പേരിൽ വരുന്ന എസ്.എം.എസില്‍ ക്ലിക്ക് ചെയ്ത് ആളുകളെ ആദ്യം ഫർണിച്ചർ ബുക്ക് ചെയ്യിക്കും. തുടർന്നുള്ള ഓരോ ബുക്കിങ്ങിനും ലാഭവിഹിതം ഉറപ്പാണെന്ന് പറഞ്ഞ് ഉപഭോക്താക്കളെ മണിച്ചെയിനില്‍ കുടുക്കുന്നതാണ് തട്ടിപ്പിന്‍റെ രീതി.

വ്യാപക പരാതി ഉയര്‍ന്നതോടെ വിഷയത്തില്‍‌ കേരള പൊലീസിന്‍റെ പ്രതികരണവുമെത്തി. അമിതലാഭം ഉറപ്പുനൽകുന്ന ജോലിവാഗ്ദാനങ്ങളിലോ ഓൺലൈൻ നിക്ഷേപങ്ങളിലോ ഇടപാടുകൾ നടത്താതിരിക്കുക, ഇത്തരത്തിലുള്ള വെബ് സൈറ്റുകളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പൊലീസ് നല്‍കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പൊലീസിന്‍റെ വിശദീകരണം.

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പ്;

ഫർണിച്ചർ കമ്പനിയുടെ പേരിൽ ഒരു തട്ടിപ്പ് SMS നിങ്ങൾക്കും വന്നേക്കാം. 

കമ്പനിയുടെ പേരിൽ വരുന്ന SMS ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങൾ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്നു. 2027 ൽ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫർണിച്ചർ കമ്പനിയിൽ ജോലി ലഭിക്കുന്നതിന് നിങ്ങളെക്കൊണ്ട്  ഫർണിച്ചർ ബുക്ക് ചെയ്യിക്കുകയാണ് ഈ ഗ്രൂപ്പ് വഴി തട്ടിപ്പുകാർ ചെയ്യുന്നത്. തുടർന്നുള്ള ഓരോ ബുക്കിങ്ങിനും നിങ്ങൾക്ക് ലാഭവിഹിതം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മണിച്ചെയിൻ മാതൃകയിലാണ് തട്ടിപ്പ് നടത്തുക. 

വ്യാജ വെബ്‌സൈറ്റ് മുഖാന്തിരം അക്കൌണ്ട് ആരംഭിക്കാൻ അവർ നിങ്ങളെ പ്രേരിപ്പിക്കുന്നു. ഈ വെബ്സൈറ്റ് വഴി ലാഭവിഹിതം മനസ്സിലാക്കാമെന്ന് അവർ നിങ്ങളെ ധരിപ്പിക്കും. നിങ്ങൾ ഫർണിച്ചർ വാങ്ങുന്നതിനു പുറമെ കൂടുതൽ ആളുകളെ ചേർക്കണമെന്നും ഇത്തരത്തിൽ ചേർക്കുന്ന ഓരോരുത്തരും ഫർണിച്ചർ വാങ്ങുമ്പോൾ നിങ്ങൾക്ക് ലാഭവിഹിതം ലഭിച്ചുകൊണ്ടിരിക്കുമെന്നും അവർ പറഞ്ഞു വിശ്വസിപ്പിക്കുന്നു. വളരെ വൈകിയാകും ഇത് തട്ടിപ്പാണെന്ന് നിങ്ങൾക്ക് മനസ്സിലാവുക. 

അമിതലാഭം ഉറപ്പുനൽകുന്ന ജോലിവാഗ്ദാനങ്ങളിലോ ഓൺലൈൻ നിക്ഷേപങ്ങളിലോ ഇടപാടുകൾ നടത്താതിരിക്കുക. ഇത്തരത്തിലുള്ള വെബ് സൈറ്റുകളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ഇത്തരം ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെട്ടോ https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതികൾ നൽകാം.

ENGLISH SUMMARY:

Fake job scam alert was announced by Kerala Police. Police says never click on unauthorised links that may cause financial loss.