kollam-fake-id

വിവാഹിതരായ യുവതികളെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പണവും സ്വര്‍ണവും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ യുവതിക്ക് മൂന്നരലക്ഷത്തിലധികം രൂപയും സ്വര്‍ണാഭരണങ്ങളുമാണ് നഷ്ടമായതിനെ തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സ്ത്രീകളെ വലയിലാക്കാനായി ആര്‍മി എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാജഅക്കൗണ്ട് തയാറാക്കിയായിരുന്നു പ്രതിയുടെ തട്ടിപ്പ്.

തിരുവനന്തപുരം പോത്തൻകോട് അണ്ടൂർകോണം സ്വദേശിയായ നൗഫൽ എന്ന് വിളിക്കുന്ന മിഥുൻഷായെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആർമി ഉദ്യോഗസ്ഥനാണെന്ന് വരുത്തിതീര്‍ക്കാനായി ആര്‍മി എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തയാറാക്കിയാണ് മിഥുൻഷാ സ്ത്രീകളെ വശീകരിച്ചിരുന്നത്. 

ഇത്തരത്തില്‍ അഞ്ചൽ പ‌ൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിവാഹിതയായ യുവതിയെ ഇൻസ്റ്റഗ്രാമിലൂടെ പരിയചപ്പെട്ട് വലയിലാക്കി. യുവതിയില്‍ നിന്ന് മൂന്നു ലക്ഷത്തി എണ്‍പതിനായിരം രൂപയും നാലുപവന്‍ സ്വര്‍ണാഭരണങ്ങളുമാണ് മിഥുൻഷാ കൈക്കലാക്കിയത്. ഒന്നര വർഷം മുമ്പ് അഞ്ചലിൽ വിവാഹിതയായ മറ്റൊരു സ്ത്രീയെയും സൗഹൃദം നടിച്ചു ഒരു മാസത്തോളം ഒപ്പം താമസിപ്പിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തതിന് മിഥുൻഷായ്ക്കെതിരെ കേസുണ്ട്. 

വിവാഹിതരായ നിരവധി സ്ത്രീകളെ മിഥുൻഷാ തട്ടിപ്പിനിരയാക്കിയെന്നാണ് വിവരം. കുടുംബബന്ധം തകരുമെന്ന കാരണത്താല്‍ പലരും പരാതിപ്പെടാന്‍ മടിക്കുന്നു. അഞ്ചലിലെ വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഒളിവില്‍പോയ പ്രതിയെ അതിവിദഗ്ധമായാണ് പൊലീസ് പിടികൂടിയത്. ഭാര്യയും മൂന്ന് കുട്ടികളും ഉള്ള മിഥുൻഷായ്ക്കെതിരെ ഒരു വീട്ടിൽ മോഷണം നടത്തിയതിന് ചിതറ പൊലീസ് സ്റ്റേഷനില്‍ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

ENGLISH SUMMARY:

Man used a fake instagram id to cheat on women . He marked as 'Army Man' in his profile and stole money and gold from women.