കവർച്ച ലക്ഷ്യം വച്ചുള്ള തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒറ്റപ്പാലം സ്വദേശിയെ കാപ്പ നിയമപ്രകാരം തടവിലാക്കി. കണ്ണിയംപുറം സ്വദേശി വിഷ്ണുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയത്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശ പരിഗണിച്ചാണു യുവാവിനെ കസ്റ്റഡിയിലെടുത്തു ജയിലേക്ക് അയയ്ക്കാൻ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. വിയ്യൂരിലെ അതീവ സുരക്ഷാ സെല്ലിൽ ആറ് മാസത്തേക്കാണു തടവ്. 

നാല് ലക്ഷം രൂപയും 17.5 പവൻ സ്വർണവും തട്ടിയെടുത്തതിനു പലക്കാട് നോർത്തിലും ആളെ തട്ടിക്കൊണ്ടു പോയി 36 ലക്ഷം രൂപയുടെ സാമഗ്രികൾ കവർന്നതിനു ചങ്ങരംകുളത്തും സ്ഫോടക വസ്തു എറിഞ്ഞുള്ള കൊലപാതക ശ്രമത്തിനു ബേക്കലിലും മാരകായുധം കൈവശം വച്ചതിന് ഒറ്റപ്പാലത്തും ഇയാളുടെ പേരിൽ കേസുകളുണ്ടെന്നു പൊലീസ് അറിയിച്ചു. രാവിലെ എസ്ഐ എം.സുനിലിന്റെ നേതൃത്വത്തിൽ കണ്ണിയംപുറത്തെ വീട്ടിൽ നിന്നാണു യുവാവിനെ പിടികൂടിയത്. നടപടികൾ പൂർത്തിയാക്കിയ ശേഷം ജയിലിലേക്ക് മാറ്റി.

ENGLISH SUMMARY:

An Ottapalam resident accused in several criminal cases has been jailed under Kappa Act.