അമ്പലമുറ്റത്ത് കളിച്ചു കൊണ്ട് നിന്ന കുട്ടികളെ മധുരം നല്‍കാമെന്ന് പറഞ്ഞ് ക്ഷേത്രത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷം സംഘത്തിലെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പൂജാരി അറസ്റ്റില്‍. തമിഴ്നാട് തേനിയിലെ പെരിയാകുളത്താണ് സംഭവം. പോക്സോ നിയമപ്രകാരമാണ് 70കാരനായ പൂജാരിക്കെതിരെ ചുമത്തിയത്.
ഉപദ്രവിക്കപ്പെട്ട വിവരം വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരിക്കുകയായിരുന്നു. മാതാപിതാക്കള്‍ സംഭവം മറ്റുള്ളവരെ അറിയിച്ചതോടെയാണ് ക്ഷേത്രത്തിലേക്ക് കൂട്ടത്തോടെ ചെല്ലാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. ജനക്കൂട്ടത്തെ കണ്ടതും ക്ഷേത്രത്തിന്‍റെ ഗേറ്റ് പൂജാരി താഴിട്ട് പൂട്ടി ഉള്ളില്‍ ഒളിച്ചു.
കുപിതരായ നാട്ടുകാര്‍ വിവരം പൊലീസിലും അറിയിച്ചു. ഇതോടെ സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരെ അനുനയിപ്പിച്ച് ക്ഷേത്രത്തില്‍ കടന്നു. തുടര്‍ന്ന് പൂജാരിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. പിന്നാലെയാണ് മാതാപിതാക്കളുടെ പരാതിയില്‍ പോക്സോ കേസെടുത്തത്. കുട്ടികള്‍ക്കെതിരെയുള്ള ഒരക്രമവും അംഗീകരിക്കാനാവില്ലെന്നും സുരക്ഷിതരായി വളരാനുള്ള ചുറ്റുപാടുകള്‍ ഒരുക്കുകയാണ് ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി.