• തൃശൂരില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘം തമിഴ്നാട്ടില്‍ പിടിയില്‍
  • പൊലീസിനെ വെട്ടിച്ച് രക്ഷപെടുന്നതിനിടെ ഏറ്റുമുട്ടലില്‍ ഒരു പ്രതി കൊല്ലപ്പെട്ടു
  • ലോറിയില്‍ തോക്കുള്‍പ്പെടെ ആയുധങ്ങള്‍; 65 ലക്ഷം രൂപയും കാറും കണ്ടെടുത്തു

തൃശൂരില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘം തമിഴ്നാട്ടില്‍ പിടിയില്‍. പൊലീസിനെ വെട്ടിച്ച് രക്ഷപെടുന്നതിനിടെ ഏറ്റുമുട്ടലില്‍ ഒരു പ്രതി കൊല്ലപ്പെട്ടു. രണ്ടു പൊലീസുകാര്‍ക്ക് പരുക്കേറ്റു. നാമക്കല്‍ കുമാരപാളയത്തുവച്ചാണ് അഞ്ചു ഹരിയാനക്കാര്‍ പിടിയിലായത്. കാറുള്‍പ്പെടെ കണ്ടെയ്നറില്‍ കയറ്റിയാണ് സംഘം കേരളം വിട്ടത്. അമിതവേഗത്തില്‍ എത്തിയ കണ്ടെയ്നര്‍ രണ്ടു കാറിലും നാലു ബൈക്കുകളിലും ഇടിച്ചു.  വാഹനങ്ങളില്‍ ഇടിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരുമായി തര്‍ക്കമുണ്ടായി.  പൊലീസ് പിന്തുടര്‍ന്നപ്പോള്‍ പ്രതികള്‍ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. ലോറിയില്‍ നിന്ന് തോക്കുള്‍പ്പെടെ ആയുധങ്ങള്‍ പിടികൂടി. 65 ലക്ഷം രൂപയും കാറും കണ്ടെടുത്തു. . Also Read: ‘എടിഎം കവര്‍ച്ചാ സംഘമെത്തിയത് വെള്ളക്കാറില്‍; കാമറകളില്‍ പെയിന്റ് സ്പ്രേ ചെയ്തു’

മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളില്‍  നിന്ന് 65 ലക്ഷം രൂപ കവര്‍ന്നു. കാറിലെത്തിയ നാലംഗസംഘം  ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎമ്മുകള്‍ തകര്‍ത്തത്. പുലര്‍ച്ചെ രണ്ടിനും നാലിനും മധ്യേയാണ് കൊള്ള. സിസിടിവി കാമറകളില്‍ കറുത്ത പെയിന്റ് സ്പ്രേ ചെയ്തിട്ടുണ്ട്. 

ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കവര്‍ച്ചാസംഘമെത്തിയത് വെള്ള നിറത്തിലുള്ള കാറിലാണ്. സംഘാംഗങ്ങള്‍ കാറില്‍നിന്നിറങ്ങുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. അതേസമയം, മോഷണം നടത്തിയ പ്രഫഷനല്‍ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്. പാലക്കാട്, കോയമ്പത്തൂര്‍, കൃഷ്ണഗിരി ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. അവിടെ നടന്ന കവര്‍ച്ചകളുമായി ബന്ധമുണ്ടെന്ന് സംശയമെന്നും കമ്മിഷണര്‍ ആര്‍.ഇളങ്കോ വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

Massive atm robbery in thrissur gang arrested one died in encounter in tamilnadu