ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ആഭിചാരക്രിയകളുടെ ഭാഗമായി നരബലി നല്‍കിയതാണെന്ന് പൊലീസ്. സ്‌കൂളിന് വിജയവും പ്രശസ്തിയും കൊണ്ടുവരാനുള്ള ക്രിയകളുടെ ഭാഗമായി കുട്ടിയെ ബലിനല്‍കുകയായിരുന്നു. സഹ്പാവു പൊലീസ് സ്റ്റേഷൻ പരിധിയിലെ റാസ്ഗവാനിലെ ഡിഎൽ പബ്ലിക് സ്‌കൂളിലാണ് അരുംകൊല അരങ്ങേറിയത്. സംഭവത്തില്‍ മൂന്ന് അധ്യാപകരുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറായ കൃഷൻ കുശ്വാഹയുടെ മകനാണ് കൊല്ലപ്പെട്ടത്.
സ്കൂൾ ഡയറക്ടർ ദിനേശ് ബാഗേൽ, ഇയാളുടെ അച്ഛൻ ജശോധൻ സിങ്, അധ്യാപകരായ ലക്ഷ്മൺ സിങ്, വീർപാൽ സിങ് രാംപ്രകാശ് സോളങ്കി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനുമുന്‍പ് മറ്റൊരു ആൺകുട്ടിയെ കൊലപ്പെടുത്താൻ അഞ്ചുപേരും ശ്രമിച്ചിരുന്നെങ്കിലും ശ്രമം വിജയിച്ചില്ലെന്നും പൊലീസ് പറയുന്നു. കൊലപാതകത്തിൽ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, സ്കൂൾ ഡയറക്ടർ ദിനേശ് ബാഗേലിന്‍റെ പിതാവ് മന്ത്രവാദത്തിലും ആഭിചാരക്രിയകളിലും വിശ്വസിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് സ്കൂളിന്‍റെ വിജയത്തിനും പ്രതാപത്തിനും വേണ്ടി ദിനേശ് ബാഗേലും മൂന്ന് അധ്യാപകരും ചേർന്ന് കുട്ടിയെ ബലി നല്‍കുന്നത്.
തിങ്കളാഴ്ച രാവിലെയാണ് ഹോസ്റ്റലിലെ ജീവനക്കാരനും വിദ്യാർത്ഥികളും മുറിയില്‍ ജീവനറ്റനിലയില്‍ കുട്ടിയെ കണ്ടെത്തിയത്. എന്നാല്‍ പൊലീസില്‍ അറിയിക്കുന്നതിന് പകരം കുട്ടിയുടെ മൃതദേഹം കാറിൽ കയറ്റി മണിക്കൂറുകളോളം ആഗ്രയിലേക്കും അലിഗഡിലേക്കും സഞ്ചരിച്ചു. കുറ്റകൃത്യം മറയ്ക്കാനുള്ള ശ്രമമായിരുന്നു ഇത്. കുട്ടിയുടെ കുടുംബത്തോട് മകന് സുഖമില്ല എന്നുമാത്രമാണ് പറഞ്ഞിരുന്നത്. എന്നാല്‍ കുടുംബം സ്കൂളിലെത്തിയെങ്കിലും കുട്ടിയെ കാണാനില്ലായിരുന്നു. ഇതോടെയാണ് ഇവര്‍ പൊലീസില്‍ വിവരമറിയിക്കുന്നത്. പൊലീസ് ദിനേശ് ബാഗേലിനായി തിരച്ചില്‍ ആരംഭിക്കുകയും മണിക്കൂറുകള്‍ക്കകം ഇയാളുടെ വാഹനത്തില്‍ കഴുത്തില്‍ മുറിവേറ്റ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു,
കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. 600 ഓളം വിദ്യാർത്ഥികളാണ് ഡിഎല്‍ പബ്ലിക് സ്കൂളിൽ പഠിക്കുന്നത്.