വിവിധ ദേശീയപാതകളിൽ കാർ യാത്രക്കാരെ ആക്രമിച്ച് സ്വർണം തട്ടിയെടുക്കും. പൊലീസ് പിടിക്കും റിമാൻഡിലാകും. ജയിലിൽ നിന്നിറങ്ങിയാല്‍ വീണ്ടും സ്വർണം തട്ടും. റോഷന്‍ വര്‍ഗീസ് എന്ന കൊള്ളസംഘ തലവന്‍റെ രീതിയാണിത്. പണി മോഷണമെന്നറിയാതെ ഇയാളെ സമൂഹമാധ്യമത്തില്‍ പിന്തുടര്‍ന്നതാകട്ടെ അരലക്ഷത്തിലധികം പേരാണ്.

ഇൻസ്റ്റഗ്രാമിൽ പതിവായി റീലുകള്‍ പോസ്റ്റ് ചെയ്യുന്നയാളാണ് റോഷന്‍. ‘അധോലോകം സെറ്റപ്പില്‍’ പല റീലുകളും ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കാണാം. തമിഴ്നാട്, കേരളം, കർണാടക സംസ്ഥാനങ്ങളിലായി 22 കേസുകളിൽ പ്രതിയാണ് റോഷന്‍. തൃശൂർ കല്ലിടുക്ക് ദേശീയപാതയിൽ സ്വർണം തട്ടിയ ഒൻപതംഗ സംഘത്തിന്‍റെ തലവൻ റോഷനാണ്. തിരുവല്ലയിൽ നിന്നാണ് ഇയാളെ ഇത്തവണ പൊലീസ് പിടികൂടിയത്. 

കേസില്‍ മുഖ്യപ്രതിയായ റോഷന്‍ വർഗീസ് ഉപയോഗിച്ചത് ഡി.വൈ.എഫ്.ഐ നേതാവിന്‍റെ കാറാണെന്ന് വിവരമുണ്ട്. തിരുവല്ലയിലെ നാങ്കരമല യൂണിറ്റ് സെക്രട്ടറി ഷാഹുല്‍ ഹമീദിന്‍റെ കാര്‍ ഇതോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാഹുലിനെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി. തൃശൂര്‍ പൊലീസ് ഷാഹുല്‍ ഹമീദിന്‍റെ തിരുവല്ലയിലെ വീട്ടില്‍ പരിശോധന നടത്തി.

മൂന്ന് ക്വട്ടേഷൻ സംഘങ്ങളാണ് സ്വർണ കവർച്ചയ്ക്കു പിന്നിൽ. തിരുവല്ല, ചേരാനെല്ലൂർ, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് സംഘത്തിൽ. കോയമ്പത്തൂരിൽ നിന്ന് സ്വർണവുമായി കാറിൽ വ്യാപാരികൾ പുറപ്പെട്ട വിവരം കവർച്ചാസംഘത്തിന് ഒറ്റുക്കൊടുത്ത ഒരാളുണ്ട്. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു. 

ഇനി, പിടിയിലാകാനുള്ള നാലു പ്രതികളിൽ നിന്ന് സ്വർണം കണ്ടെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അറസ്റ്റിലായ അഞ്ചു പ്രതികളെയും റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും. സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയുടേയും ഒല്ലൂർ എ.സി.പി എസ്.പി. സുധീരന്‍റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കവർച്ച നടന്ന സമയം അതുവഴിവന്ന സ്വകാര്യ ബസിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് വഴിത്തിരിവായത്.

ENGLISH SUMMARY:

Roshan Varghese, accuse in Thrissur gold smuggling case is a social media star. He has done some reels and photoshoots that showcase he have some connections with bandit.