TOPICS COVERED

ഒന്നര വർഷം മുൻപ് കൊല്ലം കടയ്ക്കലിൽ  മുപ്പതുകാരി ആത്മഹത്യ ചെയ്ത കേസിൽ യുവാവ് പൊലീസ് പിടിയിലായി. യുവതിയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കിയിരുന്ന യുവാവിനെതിരെ ആത്മഹത്യാപ്രേരണ കുറ്റവും വഞ്ചനാ കുറ്റവും ചുമത്തിയാണ്  കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കടയ്ക്കൽ മണലുവെട്ടം സ്വദേശി നാല്പത് വയസുള്ള നവാസിനെയാണ് പൊലീസ് അറസ്റ്റ്‌ ചെയ്തത്. 2023 ഏപ്രിൽ ആറാം തീയതിയാണ് മണലുവെട്ടം സ്വദേശിനിയായ 30 വയസ്സുള്ള ഫാത്തിമയെ വീടിന്റെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാപ്രേരണ കുറ്റവും വഞ്ചനാ കുറ്റവുമാണ് നവാസിനെതിരെ ചുമത്തിയത്.  ആത്മഹത്യ നടന്ന ദിവസം കടയ്ക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ നടത്തുന്നതിനിടെയാണ് നവാസിലേക്ക് അന്വേഷണം എത്തുന്ന വിവരം ലഭിച്ചത്. ഫാത്തിമയുടെ കിടപ്പുമുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഇരുപത്തിയാറു പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി വീട്ടുകാർ പൊലീസിനെ അറിയിച്ചു. തുടർന്ന് ഫാത്തിമ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ നവാസും ഫാത്തിമയും തമ്മിലുള്ള സൗഹൃദം കണ്ടെത്തി.

വിവാഹിതനായ നവാസ് വിവാഹബന്ധം വേർപെടുത്തി നിന്നിരുന്ന ഫാത്തിമയുമായി  സൗഹൃദം സ്ഥാപിപിച്ചതാണ്. പലതവണ ചികിത്സക്കും മറ്റുമായെന്നു പറഞ്ഞു ഫാത്തിമയുടെ പക്കൽ നിന്ന് സ്വർണാഭരണങ്ങൾ നവാസ് വാങ്ങിയിരുന്നതായി കണ്ടെത്തി. മാത്രമല്ല ഫാത്തിമ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞയുടനെ  നവാസ് നാട്ടിൽ നിന്ന് രക്ഷപ്പെടുകയും  വിദേശത്തേക്ക് കടന്നു കളയുകയും ചെയ്തു. ഫാത്തിമ ആത്മഹത്യ ചെയ്ത  ദിവസം സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഫാത്തിമ നവാസിന്റ വീട്ടിൽ ചെന്നിരുന്നു. ഇക്കാര്യം തന്നോടും പൊലീസിനോടും പറഞ്ഞതായി ഫാത്തിമയുടെ പിതാവ് ബഷീർ പറയുന്നു.

ഫാത്തിമയുടെ പിതാവ് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് അധികാരികൾക്കും നിരവധി തവണ പരാതികൾ നൽകിയതിന്റെ  അടിസ്ഥാനത്തിലാണ് നവാസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റവും, വഞ്ചന കുറ്റവും ചുമത്തികേസെടുത്തത്.  നവാസിനെതിരെ ലുക്ക്ഔട്ട്‌ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ എത്തിയ നവാസിനെ കടയ്ക്കൽ പൊലീസ് അറസ്റ്റ്‌ ചെയ്യുകയായിരുന്നു. 

നവാസ് ഫാത്തിമയുടെ സ്വർണാഭരണങ്ങൾ വിൽക്കുകയും, പണയപെടുത്തുകയും ചെയ്തിരുന്നു. കടയ്ക്കൽ, മണലുവെട്ടം മേഖലകളിലെ മൂന്ന് സ്വകാര്യ പണമിടപാടുസ്ഥാപനങ്ങളിൽ നവാസിനെ എത്തിച്ചു പൊലീസ് തെളിവെടുപ്പ് നടത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു