ബാങ്കോക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയ സംഘത്തിന്‍റെ മുഖ്യകണ്ണികളായ മലയാളികളടക്കം ഏഴ് പേര്‍ കുടക് പൊലീസിന്‍റെ പിടിയില്‍. രാജ്യാന്തര വിപണിയില്‍ കോടികള്‍ വിലയുള്ള പുത്തന്‍ ലഹരി ഹൈഡ്രോ കഞ്ചാവിന്‍റെ വിതരണക്കാരെയാണ് എറണാകുളം റൂറല്‍ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. ബാങ്കോക്കില്‍ ഹോട്ടല്‍ നടത്തുന്ന മലയാളി മുഹമ്മദ് അനുഫിന്‍റെ നേതൃത്വത്തിലാണ് ബംഗളൂരു വഴിയുള്ള ലഹരികടത്ത്.
കാസര്‍ഗോഡ് സ്വദേശികളായ മുഹമ്മദ് മഹറൂഫ്, റൗഫ്, കണ്ണൂര്‍ സ്വദേശി റിയാസ് എന്നിവരാണ് കുടക് പൊലീസിന്‍റെ പിടിയിലായ മലയാളികള്‍. കിലോയ്ക്ക് ഒരു കോടിയിലധികം വിലയുള്ള ഹൈഡ്രോ കഞ്ചാവിന്‍റെ രാജ്യത്തെ മുഖ്യ വിതരണക്കാരനാണ് മഹറൂഫെന്നാണ് കുടക് പൊലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പിടിയിലായ് പിടിയിലായ നാല് യുവാക്കളില്‍ നിന്നാണ് നിര്‍ണായക വിവരം ലഭിക്കുന്നത്. കുടക് സ്വദേശി ബംഗളൂരു വിമാനതാവളത്തില്‍ നിന്ന കുടകിലെ ഗോണികൊപ്പയില്‍ കഞ്ചാവ് എത്തിച്ചു.
മഹറൂഫിന്‍റെ നിര്‍ദേശപ്രകാരം ഇത് അടുത്ത സ്ഥലത്തേക്ക് എത്തിക്കാന്‍ വരുന്നതിനിടെയാണ് കുടക് സ്വദേശികള്‍ പിടിയിലായത്. ലഹരിമാഫിയയെ നയിച്ചിരുന്ന മഹറൂഫ് നെടുമ്പാശേരി വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിവരം കുടക് പൊലീസ് എറണാകുളം റൂറല്‍ എസ്പി വൈഭവ് സക്സേനയ്ക്ക് കൈമാറി. എസ്പിയുടെ സ്ക്വാഡംഗങ്ങളുടെ കൃത്യമായ നിരീക്ഷണത്തിനൊടുവില്‍ മഹറൂഫിനെ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി.
കൃത്രിമ വെളിച്ച സംവിധാനങ്ങളോടെയുള്ള ശീതീകരിച്ച മുറിയില്‍ വളര്‍ത്തുന്ന മുന്തിയ ഇനം കഞ്ചാവാണ് ഹൈഡ്രോ കഞ്ചാവ്. സിന്തറ്റിക് ലഹരിയുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന വിശേഷണത്തോടെയാണ് ഹൈഡ്രോ കഞ്ചാവിന്‍റെ വിപണനം. ഇന്ത്യയില്‍ വ്യാപകമായിട്ടില്ലെങ്കിലും വിദേശ രാജ്യങ്ങളില്‍ നടക്കുന്നത് കോടികളുടെ ബിസിനസ്. മലയാളികളുടെ നേതൃത്വത്തില്‍ ബാങ്കോക്കില്‍ നിന്ന് ബംഗളൂരുവിലെത്തിച്ചാണ് മറ്റ് രാജ്യങ്ങളിലേക്ക് ഹൈഡ്രോ കഞ്ചാവിന്‍റെ കടത്ത്.