കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തി. രാജസ്ഥാനിലെ ജയ്സാല്‍മറിലാണ് സംഭവം. ആദില്‍(6), ഹസ്നെയന്‍(7) എന്നീ കുട്ടികളാണ് മരിച്ചത്. കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് ശനിയാഴ്ചയാണ് ഇവരുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് നടത്തിയ തിരച്ചിലിന് ഒടുവില്‍ ശനിയാഴ്ച രാത്രിയോടെ ഒഴിഞ്ഞുകിടക്കുന്ന വീട്ടിലെ വാട്ടര്‍ ടാങ്കില്‍ കുട്ടികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചതായി കോട്വാലി എസ്എച്ച്ഒ സവായ് സിങ് പറഞ്ഞു.
കുട്ടികള്‍ കൊല ചെയ്യപ്പെട്ടതാണെന്നും കുട്ടികളുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യവുമായി മോര്‍ച്ചറിക്ക് മുന്‍പില്‍ കുടുംബാംഗങ്ങള്‍ ധര്‍ണ നടത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമെ മരണ കാരണം വ്യക്തമാവുകയുള്ളു എന്നാണ് പൊലീസ് പറയുന്നത്.