പുത്തന്‍സിനിമകളുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസില്‍ കുപ്രസിദ്ധ തമിഴ്റോക്കേഴ്സ് സംഘാംഗങ്ങള്‍ പിടിയില്‍. സത്യമംഗലം സ്വദേശികളായ കുമരേശ്വര്‍, പ്രവീണ്‍കുമാര്‍ എന്നിവരെ ബംഗളൂരുവില്‍ നിന്ന് കൊച്ചി സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം വേട്ടയന്‍ സിനിമ പകര്‍ത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
റിലീസിന് തൊട്ടടുത്ത ദിവസമാണ് ടോവിനോ ചിത്രം അജയന്‍റെ രണ്ടാം മോഷണം ട്രെയിനിലെ യാത്രക്കാരന്‍റെ മൊബൈലില്‍ നിറഞ്ഞത്. കാഴ്ചകണ്ട് ഞെട്ടിയ സംവിധായകന്‍ ജിതിന്‍ ലാല്‍ കൊച്ചി സൈബര്‍ പൊലീസിന് പരാതി നല്‍കി. ഈ അന്വേഷണമാണ് വ്യാജന്‍മാരിലെ വ്യാജന്‍ തമിഴ്റോക്കേഴ്സിന്‍റെ മുഖ്യകണ്ണികളെ കുടുക്കിയത്. തമിഴ്റോക്കേഴ്സിന്‍റെ മറ്റൊരു പതിപ്പായ വണ്‍തമിഴ്എംവിയെന്ന വെബ്സൈറ്റിന്‍റെ അഡ്മിന്‍മാര്‍ കൂടിയാണ് പിടിയിലായ കുമരേശ്വറും പ്രവീണ്‍കുമാറും.
വ്യാജപതിപ്പ് പകര്‍ത്തിയ തീയറ്റര്‍ ഏതെന്ന് കണ്ടെത്തിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇവരെ പിന്തുടര്‍ന്ന സംഘം ബംഗളൂരുവിലെത്തി. ഗോപാലന്‍ മാളിലെ തിയറ്ററില്‍ നിന്ന് വേട്ടയ്യന്‍ സിനിമ ചിത്രീകരിച്ച ഇരുവരും പുറത്തിറങ്ങി സിനിമ അപ് ലോഡിന് ഒരങ്ങവെ കൊച്ചി സൈബര്‍ പൊലീസ് ഇരുവരെയും പിടികൂടി. 35ലേറെ പുതിയ സിനിമകളാണ് ഇരുവരും വിവിധ തീയറ്ററുകളില്‍ നിന്ന് പകര്‍ത്തി പങ്കുവെച്ചത്. ഇവരുടെ വെബ്സൈറ്റ് സൈബര്‍ പൊലീസ് പൂട്ടിച്ചു.
ഇവരുടെ കൂട്ടാളിയായ സത്യമംഗലം സ്വദേശിക്കായി അന്വേഷണം പുരോഗമിക്കുകയാണ്. സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ, ഡിസിപി കെ.എസ്. സുദര്‍ശന്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. എസ്ഐമാരായ എന്‍. ആര്‍ സാബു, പ്രിന്‍സ് ജോര്‍ജ്, എഎസ്ഐമാരായ ശ്യാംകുമാര്‍, സി.ആര്‍ ഡോളി, സിപിഒമാരായ ഷറഫുദ്ദീന്‍, ആല്‍ഫിറ്റ് ആന്‍ഡ്രൂസ് എന്നിവരടങ്ങുന്നതാണ് അന്വേഷണ സംഘം.രണ്ട് മാസം മുന്‍പ് പ്രിഥ്വിരാജ് ചിത്രം ഗുരുവായൂര്‍ അമ്പലനടയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസില്‍ മുഖ്യ പ്രതി ജെബ സ്റ്റീഫന്‍ രാജിനെയും കൊച്ചി സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.