ഗുജറാത്തിലെ അങ്കലേശ്വറില്‍ 5,000 കോടി വിലമതിക്കുന്ന കൊക്കെയ്ന്‍ പിടികൂടി. ഡല്‍ഹി, ഗുജറാത്ത് പൊലീസിന്‍റെ സംയുക്ത പരിശോധനയിലാണ് ലഹരി പിടികൂടിയത്. 500 കിലോ ലഹരിയാണ് പിടിച്ചെടുത്തത്. ഫാർമ സൊലൂഷൻസ് സർവീസസ് എന്ന കമ്പനിയുടെ മറവിലാണ് ലഹരി സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ വന്‍ ലഹരിവേട്ടയാണ് ഡല്‍ഹിയിലും ഗുജറാത്തിലുമായി നടന്നത്. ആകെ 1,289 കിലോഗ്രാം കൊക്കെയ്‌നും തായ്‌ലൻഡിൽ നിന്നുള്ള 40 കിലോഗ്രാം ഹൈഡ്രോപോണിക് മരിജുവാനയുമാണ് പിടിച്ചെടുത്തത്. ഇതോടെ 13,000 കോടി രൂപയുടെ ലഹരിയാണ് ഇതുവരെ പിടികൂടിയത്.
ഒക്ടോബർ ഒന്നിന് ഡൽഹി പൊലീസിന്‍റെ വിഭാഗം നടത്തിയ പരിശോധനയില്‍ മഹിപാൽപൂരിലെ തുഷാർ ഗോയല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വെയർഹൗസിൽ നിന്ന് 562 കിലോഗ്രാം കൊക്കെയ്‌നും 40 കിലോഗ്രാം ഹൈഡ്രോപോണിക് മരിജുവാനയും പിടിച്ചെടുത്തിരുന്നു. ഒക്‌ടോബർ 10ന് ഡൽഹിയിലെ രമേഷ് നഗറിലെ ഒരു കടയിൽ നിന്ന് 2000 കോടി വിലവരുന്ന 208 കിലോഗ്രാം കൊക്കെയ്ൻ കൂടി കണ്ടെടുത്തു. 'ടേസ്റ്റി ട്രീറ്റ്', 'ചട്പാറ്റ മിക്സ്ചർ' എന്നിങ്ങനെ എഴുതി ഭക്ഷണ പാക്കറ്റുകള്‍ക്കുള്ളിലാണ് ലഹരി ഒളിപ്പിച്ചിരുന്നത്.