കോട്ടയം ജില്ലാ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ സ്വകാര്യ ബസ് സ്റ്റാൻഡുകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ബസ് സ്റ്റാൻഡുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വാഹനങ്ങളിലെ വ്യാപകമായ നിയമലംഘനങ്ങൾ .14 ബസുകൾ സ്പീഡ് ഗവർണർ ഇല്ലാതെ ഓടുന്നതായി കണ്ടെത്തി.
സ്പീഡ് ഗവർണർ ഇല്ലാതെ ഓടുന്നതായി കണ്ടെത്തിയ ബസുകളുടെ പെർമിറ്റ് താൽക്കാലികമായി പിൻവലിച്ചു. കാഞ്ഞിരപ്പള്ളി പൊൻകുന്നം സ്റ്റാൻഡുകളിലോടുന്ന 14 ബസുകൾക്കെതിരെയാണ് നടപടി. കണ്ടക്ടർ ലൈസൻസ് ഇല്ലാത്ത ആളുകൾക്ക് പിഴ ചുമത്തി. എയർ ഹോൺ ഉപയോഗിച്ച ബസുകളിൽ നിന്നും പിഴ ഈടാക്കി. പിഴ ഇനത്തിൽ 1,20,000 രൂപ ഈടാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. കെകെ റോഡിൽ അടുത്തകാലത്തായി വർധിച്ചു വരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്.
കെഎസ്ആർടിസി ബസുകളിലും പരിശോധന നടത്തി. ജില്ലാ എൻഫോഴ്സ്മെന്റ് മേധാവി സി.ശ്യാംമിന്റെ നിർദേശ പ്രകാരം ഇൻസ്പെക്ടർമാരായ ബി.ആഷ കുമാർ, ജോസ് ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.