മൂവാറ്റുപുഴയില്‍ അസം സ്വദേശി ബാബുള്‍ ഹുസൈന കൊലപ്പെടുത്തിയത് മര്‍ദനം സഹിക്കവയ്യാതെയെന്ന് ഭാര്യ സൈദ ഖാത്തൂം പൊലീസിന് മൊഴിനല്‍കി. സൈദയെ അസമില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ ഒന്നിനാണ് കൊല നടന്നത്.
സംഭവദിവസം ഭാര്യയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ശേഷം ബാബുള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് സൈദ കൃത്യം നടപ്പാക്കിയത്. ഒക്ടോബര്‍ 7ന് ആള്‍ത്താമസമില്ലാത്ത വീടിന്റെ ടെറസില്‍ നിന്ന് ആറു ദിവസത്തോളം പഴക്കമുള്ള മൃതദേഹം ലഭിച്ചു. പൊലീസ് അന്വേഷണത്തില്‍ കൊല്ലപ്പെട്ട ബാബുളിന്‍റെ സൈദയും സഹോദരിയും നാടുവിട്ടുവെന്ന് കണ്ടെത്തി. പിന്നീട് അന്വേഷണം അസമിലേക്ക് നീണ്ടു.
ബാബുളിനും ഭാര്യയ്ക്കും ഒരു മൊബൈല്‍ ഫോണായിരുന്നു ഉണ്ടായിരുന്നത്. ഇത് കൊലയ്ക്കുശേഷം സൈദ സ്വിച്ച് ഓഫ് ചെയ്തിരുന്നു. തൊട്ടടുത്താണ് സൈദയുടെ സഹോദരി താമസിച്ചിരുന്നത്. ഇവരെയും കൂട്ടി പെരുമ്പാവൂരിലെത്തിയ പ്രതി ഓട്ടോയില്‍ ആലുവ വരെെത്തി, ഇവിടെ നിന്നാണ് ട്രെയിന്‍ മാര്‍ഗം അസമിലേക്ക് കടന്നതെന്ന് പൊലീസ് കണ്ടെത്തി. ബാബുളിനെ കൊല്ലാനുപയോഗിച്ച കത്തിയും പ്രതി ആ സമയത്ത് ധരിച്ചിരുന്ന വസ്ത്രവുമടക്കം കണ്ടെത്തി.
ഭര്‍ത്താവ് സ്ഥിരമായി തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. അതിലുള്ള കടുത്ത പകയാണ് കൊലയില്‍ കലാശിച്ചതെന്ന് സൈദ പൊലീസിനോട് വെളിപ്പെടുത്തി. സമീപത്തെ വീടുകളില്‍ കൂലിപ്പണി ചെയ്താണ് സൈദയും ബാബുളും കഴിഞ്ഞുപോന്നിരുന്നത്. കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് സൈദയുടെ സഹോദരിയും കുട്ടിയും കേരളത്തിലെത്തിയത്.