എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവ് ബാബാ സിദ്ദിഖി വധത്തോടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് രാജ്യത്തെ ഏറ്റവും കുപ്രസിദ്ധനായ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയി. ശരിക്കും ആരാണ് ലോറന്‍സ് ബിഷ്ണോയി. 

അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള ഒരു 31കാരന്‍. രാജ്യത്തെ എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും ഒരു പോലെ തലവേദനയായ ലോറന്‍സ് ബിഷ്ണോയി. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സബര്‍മതി സെന്‍ട്രല്‍ ജയിലിലാണ് ലോറന്‍സ് ബിഷ്ണോയി ഇപ്പോള്‍. 

വര്‍ഷം 1998. ഹം സാത്ത് സാത്ത് ഹെയിന്‍ എന്ന സിനിമയുടെ ചിത്രീകരണം രാജസ്ഥാനില്‍ നടക്കുന്നു. ചിത്രീകരണത്തിന്‍റെ ഇടവേളയില്‍ വേട്ടയ്ക്ക് പോയ സല്‍മാന്‍ ഖാനും സുഹൃത്തുക്കളും കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നുവെന്ന് ആരോപണം. 

വന്യജീവികളെയും മൃഗങ്ങളേയും വിശുദ്ധമായി കാണുന്ന ബിഷ്ണോയി സമുദായം വലിയ തോതില്‍ പ്രകോപിതരായി. സ്വയം പ്രതിരോധത്തിന് പോലും മൃഗങ്ങളെ ഉപദ്രവിക്കാത്തവരാണ് ബിഷ്ണോയിമാര്‍. 

ഈ സംഭവം നടക്കുമ്പോള്‍ ലോറന്‍സ് ബിഷ്ണോയിയുടെ പ്രായം വെറും അഞ്ച്. പിന്നീട് പല കേസുകളില്‍പ്പെട്ട് 2015ല്‍ അറസ്റ്റിലായ ലോറന്‍സ് ബിഷ്ണോയി 2018ലാണ് ജോദ്പൂരിലെ കോടതിയില്‍വച്ച് സല്‍മാന്‍ ഖാനെ കൊലപ്പെടുത്തിയിരിക്കുമെന്ന് പറഞ്ഞത്. പഞ്ചാബിലെ ഫസില്‍ക്കയില്‍ ജനിച്ച 31കാരനായ ലോറന്‍സ് ബിഷ്ണോയി അന്ന് മുതല്‍ ഇന്നുവരെ പലരുടെയും പേടി സ്വപ്നമാണ്. ഒരു കൊലപാതക കേസിലും നേരിട്ട് പങ്കാളിത്തമില്ലെന്നാണ് ലോറന്‍സ് ബിഷ്ണോയിയെക്കുറിച്ച് ഡല്‍ഹി പൊലീസ് പറയുന്നത്. 

കാനഡയിലുള്ള കുപ്രസിദ്ധ കുറ്റവാളി ഗോള്‍ഡി ബ്രാര്‍. സച്ചിന്‍ താപ്പന്‍, ലോറന്‍സിന്‍റെ സഹോദരന്‍ അന്‍മോള്‍ ബിഷ്ണോയി, വിക്രംജിത് സിങ്, കാലാ ജത്തേഡി, കാലാ റാണ എന്നിങ്ങനെ പോകുന്നു ആ സംഘത്തിലെ മുന്‍നിരക്കാരുടെ പേരുകള്‍. എന്‍ഐഎയുടെ കണക്കില്‍ കുറഞ്ഞത് 700 സജീവ അംഗങ്ങളടങ്ങുന്ന ഇന്ത്യയില്‍ ഏറ്റവും കുപ്രസിദ്ധി നേടിയ കുറ്റവാളി സംഘമാണിന്ന് ലോറന്‍സ് ബിഷ്ണോയിയുടേത്. 

അന്വേഷണ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ മടിക്കുന്ന ടെലഗ്രാമും സിഗ്നല്‍ ആപ്പുമാണ് പ്രധാനമായും സംഘാംഗങ്ങള്‍ ഉപയോഗിക്കുന്നത്. ദാവൂദ് ഇബ്രാഹിമിന്‍റെ പഴയ ഡി കമ്പിനി പോലല്ല, സാങ്കേതികവിദ്യയും പുത്തന്‍ ആയുധങ്ങളുമായി ലോകത്ത് പലയിടത്തും കൊല്ലാനിറങ്ങുന്ന പടകളുണ്ട് ലോറന്‍സ് ബിഷ്ണോയിക്ക്. 

സിദ്ധു മൂസെവാല, കര്‍ണിസേനാ േനതാവ് സുഖ്ദേവ് സിങ് ഗോഗാമേദി, ഗായകരായ എ.പി.ധില്ലന്‍, ജിപ്പി ഗ്രെവാള്‍ എന്നിവരുടെ കാനഡയിലെ വീടുകള്‍ക്ക് മുന്‍പിലും വെടിവയ്പ്. 2023 മെയില്‍ പഞ്ചാബിലെ മൊഹാലിയില്‍ പഞ്ചാബ് ഇന്‍റലിജന്‍സ് ആസ്ഥാനത്തിനുനേരെയുള്ള ആര്‍പിജി ആക്രമണത്തില്‍ ബാബാര്‍ ഖല്‍സയിലെ ഖലിസ്ഥാന്‍ ഭീകരര്‍ക്കൊപ്പം ലോറന്‍സ് ബിഷ്ണോയിയുടെ പേരും പറഞ്ഞുകേട്ടു.

ഒരു ചോദ്യം മാത്രം ബാക്കിയാണ്. ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് എങ്ങനെ ഇത്ര ആസൂത്രണത്തോടെ കുറ്റകൃത്യങ്ങള്‍ നടത്താന്‍ കഴിയുന്നു. സഹായിക്കാന്‍ ജയിലില്‍ ആരൊക്കെ. എന്തുകൊണ്ട് തടയാന്‍ കഴിയുന്നില്ല. 

ENGLISH SUMMARY:

A 31-year-old who became a police headache; Who is Lawrence Bishnoi?