ബെംഗളുരുവിൽ നിന്ന് രാസലഹരി കടത്താൻ ശ്രമിച്ച യുവതി അടക്കം മൂന്ന് പേർ അങ്കമാലിയിൽ പിടിയിൽ. ലക്ഷങ്ങൾ വിലയുള്ള രാസലഹരിയാണ് ഇവരുടെ കയ്യില്‍ നിന്ന് പിടികൂടിയത്. എംഡിഎംഎയും അപകടകാരിയായ എക്സറ്റസിയും ഉൾപ്പെടെയാണ് പൊലീസും ഡാൻസാഫും ചേർന്ന് പിടിച്ചെടുത്തത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
പരിശോധനക്കിടെ അമിത വേഗത്തിലെത്തിയ കാർ നിർത്താതെ പോകുകയായിരുന്നു. പിന്നീട് അങ്കമാലി ടിബി ജംഗ്ഷനിൽ സാഹസികമായാണ് പൊലീസ് സംഘം വാഹനം തടഞ്ഞത്. ഡ്രൈവർ സീറ്റിന് പിൻഭാഗത്തായി പതിനൊന്ന് പ്രത്യേക പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ലഹരി മരുന്ന്. 200 ഗ്രാം എംഎഡിഎംഎയും പത്ത് ഗ്രാം എക്സ്റ്റിസിയുമാണ് കടത്താൻ ശ്രമിച്ചത്. ബെംഗളൂരുവിൽ നിന്നാണ് ലഹരി മരുന്ന് എത്തിച്ചത്.
തൃശൂർ അഴിക്കോട് സ്വദേശി ശ്രീക്കുട്ടി, അടിമാലി സ്വദേശി സുധീഷ്, മുരിങ്ങൂർ സ്വദേശി വിനു എന്നിവരാണ് പിടിയിലായത്. രാസലഹരി കടത്തിയ മൂന്ന് പേരും ചെറുപ്പക്കാരാണ്. പൊലീസിന്റെ പരിശോധനയിൽ നിന്ന് ഒഴിവാകാൻ ആണ് ലഹരി കടത്തിൽ സ്ത്രീകളെയും ഉൾപ്പെടുത്തുന്നത്.