തിരുവനന്തപുരം പോത്തന്‍കോട് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നേപ്പാളി ദമ്പതികളുടെ പൂര്‍ണ വളര്‍ച്ചയെത്താത്ത കുഞ്ഞിന്റെ മൃതദേഹമാണ് പോത്തന്‍കോട് വാവറമ്പലത്തെ കൃഷിയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. അമ്മയെ രക്തസ്രാവത്തെ തുടര്‍ന്ന് എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കുഞ്ഞിനെ കുഴിച്ചിട്ട വിവരം പുറത്തറിയുന്നത്.
ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫൊറന്‍സിക് സംഘവും കുഴിച്ചിട്ട സ്ഥലത്ത് എത്തി കുഞ്ഞിനെ പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആറാം മാസമാണ് പ്രസവിച്ചതെന്നും അപ്പോള്‍ തന്നെ കുട്ടി മരിച്ചിരുന്നുവെന്നും ദമ്പതികള്‍ പൊലീസിനോട് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ദമ്പതികള്‍ എസ്.എ.ടി ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തിലാണ്